ബിജെപിക്കാര്‍ വിളിക്കും പക്ഷേ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഭീമന്‍ രഘു

ഇനി തനിക്ക് രാഷ്ട്രീയത്തിലേക്കൊരു മടങ്ങിവരവ് ഇല്ലെന്ന് നടന്‍ ഭീമന്‍ രഘു. പത്തനാപുരത്തെ തെരഞ്ഞെടുപ്പോടെ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതായി ഒരു ഓണ്‍ലൈന്‍ സിനിമ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതും വോട്ട് പിടിക്കുന്നതുമൊക്കെ തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറയുന്നു. ഒപ്പം അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കാരണത്തെപ്പറ്റിയും താരം വിശദമാക്കി.

അന്ന് തന്നെ വിളിച്ചിട്ട് രണ്ട് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നുണ്ടെന്നും ചേട്ടന്‍ കൂടെ നിന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. തനിക്ക് താല്‍പര്യമില്ലെന്ന് അന്നേ താന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ അവര്‍ മത്സരിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. അങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പതിമൂവായിരത്തോളം വോട്ട് പിടിക്കുകയും ചെയ്തു. അതിനെല്ലാം ശേഷം ഇടയ്ക്ക് ഇടയ്ക്ക് അവര്‍ തന്നെ അവിടെ ഒരു പ്രോഗ്രാം ഇവിടെ ഒരു പ്രോഗ്രാം എന്ന് പറഞ്ഞു വിളിക്കാറുണ്ടെന്നും എന്നാല്‍ താന്‍ രാഷ്ട്രീയ ജീവിതം അന്നത്തോടെ മടക്കിവച്ചു എന്നും ഭീമന്‍ രഘു പറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്തായിരുന്നു താരത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. ചലച്ചിത്ര താരങ്ങളായ കെബി ഗണേഷ്‌കുമാര്‍, ജഗദീഷ് എന്നിവരായിരുന്നു ഭീമന്‍ രഘുവിന്റെ എതിരാളികള്‍. തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാര്‍ വിജയിക്കുകയും ഭീമന്‍ രഘു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News