ഇന്ത്യയില്‍ കണ്ടെത്തിയത് ഭൂമിയുടെ ആദ്യ 50കോടി വര്‍ഷങ്ങളുടെ നിഗൂഢത വെളിവാക്കുന്ന തെളിവുകള്‍

ഏകദേശം 454 കോടി വര്‍ഷത്തിലധികം പ്രായമുള്ള ഭൂമിയുടെ ചരിത്രത്തിലെ പരമപ്രധാനവും, നിഗൂഢവുമായ ആദ്യ അമ്പതുകോടി വര്‍ഷങ്ങളില്‍ നടന്ന കാര്യങ്ങളെ കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തലുമായി ജിയോളജിസ്റ്റുകള്‍. ഹിരോഷിമ സര്‍വ്വകലാശാല, പ്രസിഡന്‍സി സര്‍വ്വകലാശാല, ദേശീയ ഭൂമിശാസ്ത്ര പഠന കേന്ദ്രം എന്നിവര്‍ ചേര്‍ന്ന് നടത്തിയ കണ്ടെത്തലുമായി ബന്ധപ്പെട്ട ഗവേഷണം പ്രീകാമ്പ്രിയന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്തിലുള്ള ചിത്രയിലില്‍ നിന്ന് 410വര്‍ഷം പഴക്കമുള്ള സിര്‍കോണ്‍ എന്ന ധാതുവിന്റെ അംശമുള്ള ശിലപാളികളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ദ്രവാവസ്ഥയിലുള്ള മാഗ്മയില്‍ നിന്നും ഭൂവല്‍ക്കം എന്നറിയപ്പെടുന്ന ക്രസ്റ്റ് രൂപം കൊണ്ടപ്പോള്‍ ഖരാവസ്ഥയിലേക്ക് രൂപാന്തരപ്പെട്ട ആദ്യ ധാതുക്കളില്‍ ഒന്ന് സിര്‍ക്കോണ്‍ ആണെന്നാണ് പറയപ്പെടുന്നത്. അതായത് ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നും കണ്ടെത്തിയ സിര്‍കോണ്‍ ഒരുപക്ഷേ ഭൂമിയുടെ ഉത്ഭവകാലത്ത് ഉള്ളതായിരിക്കാം, അല്ലെങ്കില്‍ ഭൂമിയുടെ ഉത്ഭവത്തെ കുറിച്ച് എന്തെങ്കിലും സൂചനകള്‍ നല്‍കാന്‍ ഈ ശിലാപാളികള്‍ക്ക് കഴിയും എന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. രസതന്ത്രപരമായി സ്ഥിരതയുള്ളതും കാഠിന്യമുള്ളതുമായ സിര്‍കോണ്‍ പൊടിഞ്ഞുപോകാനുള്ള സാധ്യത ചുരുക്കമാണ്. അതിനാല്‍ 4.1 ശതകോടി വര്‍ഷം പഴക്കമുള്ള ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സിര്‍കോണിന് അന്ന് തൊട്ടുള്ള ഭൂമിശാസ്ത്രപരമായ നിര്‍ണായക സംഭവവികാസങ്ങളെ കുറിച്ച് സൂചനകള്‍ നല്‍കാന്‍ കഴിയും എന്ന് തന്നെയാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

ഭൂമിരൂപം കൊണ്ടതിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യയില്‍ ഒളിഞ്ഞുകിടക്കുന്നു എന്നതാണ് ചിത്രയിലിലെ ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിന്റെ ഭാഗമായ മുതിര്‍ന്ന ജിയോളജിസ്റ്റും പ്രസിഡന്‍സി സര്‍വകലാശാലയിലെ ജിയോളജി പ്രഫസറും നാച്ചുറല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സ് ഡീനുമായ ശങ്കര്‍ ബോസ് പറഞ്ഞു. വളരെ നിര്‍ണായകമായ കണ്ടെത്തലാണിതെന്നും ഇപ്പോള്‍ ലഭിച്ച ശിലാഭാഗങ്ങളുടെ തുടര്‍പഠനത്തില്‍ നിന്നും ഭൂമി രൂപപ്പെട്ട് ദശലക്ഷം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴുള്ള രാസ-ഭൗതിക അവസ്ഥകളും ജലത്തിന്റെ ഉള്‍പ്പെടെയുള്ള സാന്നിധ്യവും അറിയാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ആദ്യമായിട്ടല്ല ഇന്ത്യയില്‍ നിന്നും ശതകോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ധാതുക്കളുടെ സാന്നിധ്യമുള്ള ശിലാപാളികള്‍ കണ്ടെത്തുന്നത്. 2018ല്‍ ഒഡിഷയിലെ കേന്ദുജര്‍ ജില്ലയില്‍ നിന്നും ലഭിച്ച ടോണലൈറ്റ് ശിലയ്ക്ക് 420 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 2016ല്‍ വയനാട്ടില്‍ നിന്നും 400 കോടി വര്‍ഷം പഴക്കമുള്ള സിര്‍കോണ്‍ കണ്ടെത്തിയിരുന്നു. അതേസമയം ഭൂമിയില്‍ തന്നെ ഏറ്റവും പഴക്കമേറിയ സിര്‍കോണ്‍ കണ്ടെത്തിയിട്ടുള്ളത് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ജാക്ക് ഹില്ലില്‍ നിന്നുമാണ്. അതിന് ഏതാണ്ട് 440 കോടി വര്‍ഷം പഴക്കമുണ്ടായിരുന്നു എന്നും വിദഗ്ധര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here