കട്ടപ്പുറത്തായ പദ്ധതികളെ ചലിപ്പിക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക കെടുകാര്യസ്ഥതയില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ നയം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതൊന്നും പ്രതിപക്ഷം കാണുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിലര്‍ കേരളം കടക്കെണിയിലാണെന്ന് ബോധപൂര്‍വമായ പ്രചാരണം നടത്തുകയാണ്. കട്ടപ്പുറത്തെ സര്‍ക്കാര്‍ എന്ന് ചിലര്‍ അധിക്ഷേപിക്കുന്നു. എന്നാല്‍ കട്ടപ്പുറത്തായ പദ്ധതികളെ ചലിപ്പിക്കുന്ന സര്‍ക്കാരെന്ന് വേണം പറയാനെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കരുത് എന്ന് കേന്ദ്രത്തോട് പറയുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറയുന്നു, എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ഫയലുകള്‍ക്ക് പരമാവധി പ്രാധാന്യം കൊടുത്താണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഫയലുകള്‍ നല്ല രീതിയില്‍ തീര്‍പ്പാക്കുന്നുണ്ട്. പഴയ ഓര്‍മ്മവച്ചാണ് പവര്‍ ബ്രോക്കര്‍മാരുടെ കാര്യം പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

അട്ടപ്പാടി മധു കൊലക്കേസില്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേസ് അതിന്റെ അവസാനഘട്ടത്തിലാണെന്നും കുറ്റം ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും തില്ലങ്കേരി എന്നത് കേരളത്തിലെ രക്തസാക്ഷികളുടെ പേര് പറയുമ്പോള്‍ ഓര്‍ക്കുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഫുള്‍സ്റ്റോപ്പ് വന്നിട്ടില്ല. കുറവ് വന്നതില്‍ പ്രതിപക്ഷ നേതാവിന് വിഷമമുണ്ടെന്ന് തോന്നുന്നെന്നും പ്രതിപക്ഷനേതാവ് നല്‍കിയ ഉപദേശത്തിന് നന്ദിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

സിഎംഡിആര്‍എഫ് ക്രമക്കേട് വിഷയത്തിലും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. പ്രതിപക്ഷ നേതാവോ മറ്റേതെങ്കിലും എംഎല്‍എമാരോ അപകടകരമായ കാര്യം ചെയ്തു എന്ന് പറയുന്നില്ല. എന്നാല്‍ ചില തട്ടിപ്പുകള്‍ നടത്താന്‍ ശ്രമങ്ങള്‍ ഉണ്ടായി. അത് അനുവദിക്കാന്‍ കഴിയില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകളില്‍ ചിലതില്‍ സംശയം തോന്നിയതിനാല്‍ അത് പരിശോധിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി. അനര്‍ഹര്‍ക്ക് ആനുകൂല്യം തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അതിന് കൂട്ടുനിന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് അതിന്റേതായ സ്വീകാര്യത ലഭിച്ചു. ജാഥ ഇപ്പോള്‍ മലപ്പുറത്താണ്. വലിയ ജനപിന്തുണയാണ് അവിടെ ലഭിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എഐസിസി പ്ലീനറി സമ്മേളനത്തിലെ പ്രമേയവും കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടും തമ്മില്‍ അന്തരമുണ്ട്. വൈകിയാണെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് അതിനോട് മുഖം തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കാനുള്ള ശ്രമം കേരളം എതിര്‍ക്കുമ്പോള്‍ പ്രതിപക്ഷം അതിനെ പരിഹസിക്കുകയാണ്.

വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ എങ്ങനെ തടയാം എന്നാണ് ആലോചിക്കുന്നത്. അതുകൊണ്ടാണ് കിഫ്ബിയെ എതിര്‍ക്കുന്നത്. ജനക്ഷേമ പരിപാടികളില്‍ നിന്ന് സംസ്ഥാനം ഒരിഞ്ച് പോലും പിന്നിലേക്ക് പോകില്ല. ധനസ്രോതസ്സ് കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി മാറിയതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News