വരാപ്പുഴയിലെ പടക്കശാലയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

എറണാകുളത്ത് കരിമരുന്ന് ശാലയില്‍ പൊട്ടിത്തെറി. വരാപ്പുഴ മുട്ടിനകത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പടക്കക്കട ഉടമയുടെ ബന്ധു ഡേവിസാണ് മരിച്ചത് എന്നാണ് സൂചനകള്‍. മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആറു പേരെ ആസ്റ്റര്‍ മെഡി സിറ്റിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വീട്ടിലെ മുന്ന് കുട്ടികള്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. എസ്തര്‍ (7), എല്‍സ (5) ഇസബല്‍ (8) എന്നിവരാണ് പരുക്കേറ്റ കുട്ടികള്‍. ജാന്‍സന്‍, കെജെ മത്തായി, ഫ്രഡീന, നീരജ് എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളുടെ ഉള്‍പ്പെടെ നാല് പേരുടെ നില ഗുരുതരമാണ്. ആസ്റ്റര്‍ മെഡി സിറ്റിയിലുള്ള ഇസബല്‍ എന്ന കുട്ടിയെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.

സ്‌ഫോടനം നടന്നത് ജനസാന്ദ്രത കൂടിയ പ്രദേശമായതിനാല്‍ സമീപത്തുള്ള വീടുകളില്‍ നിന്നും ആളുകളെ മാറ്റി. വീണ്ടും പൊട്ടിത്തെറി ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ആളുകളെ മാറ്റിയത്. തീയണക്കാനുള്ള ശ്രമം തുടരുന്നതിനിടയില്‍ വീണ്ടും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ചുറ്റുപാടുമുള്ള പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന മരങ്ങളടക്കം കത്തിനശിച്ചിട്ടുണ്ട്.

ഏലൂര്‍ വരെയുള്ള മേഖലകളില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഏലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ രേണു രാജും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News