എന്‍ പി വൈഷ്ണവ്
ദില്ലി മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് തെലങ്കാനയിലേക്ക് നീളുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ഭാരത് രാഷ്ട്ര സമിതി നേതാവും കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ സിബിഐ ചോദ്യം ചെയ്തിരുന്നു. കെ കവിതയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബു ഗൊറന്തലയെ ഈ മാസം ആദ്യം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ദില്ലി മദ്യനയക്കേസില്‍ തെലങ്കാനയിലേക്ക് പാലമിടാന്‍ ബുച്ചി ബാബുവിനെ സിബിഐ പിടിവള്ളിയാക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
കേന്ദ്രസര്‍ക്കാരിനെ ശക്തമായി എതിര്‍ക്കുന്ന ദില്ലിയിലെ എഎപി സര്‍ക്കാരിനെയും തെലങ്കാനയിലെ ചന്ദ്രശേഖര റാവു സര്‍ക്കാരിനെയും ഒരു ചങ്ങലയില്‍ പൂട്ടാനുള്ള അവസരമായി ദില്ലി മദ്യനയക്കേസിനെ സിബിഐ മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്. മദ്യമാഫിയയുടെയും കെസിആര്‍ എന്നറിയപ്പെടുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിന്റെ കോടികളുടെ അഴിമതി നിറഞ്ഞ മദ്യനയം രൂപപ്പെടുത്തിയതെന്നാണ് ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ ആരോപണം വെറും യാദൃശ്ചികതയാകാന്‍ വഴിയില്ല. ഈ ഇടപാടില്‍ മന്ത്രി മനീഷ് സിസോദിയയ്ക്കും മദ്യമാഫിയയ്ക്കും ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു കെസിആറിന്റെ മകള്‍ കവിത എന്നും ബിജെപി ആരോപിക്കുന്നുണ്ട്.
ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിനെയും ബിആര്‍എസിനെയും പ്രതിരോധത്തിലാക്കാന്‍ ഈ കേസ് ഉപയോഗിക്കും എന്നാണ് സൂചന. കേസില്‍ മകള്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ചന്ദ്രശേഖര റാവു പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമെന്നാണ് കവിത ആരോപിക്കുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിന് കവിത കേസ് നല്‍കിയിരുന്നു.
ദില്ലിയില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണ് പ്രാബല്യത്തില്‍ വന്നത്. ഇതോടെ ഒന്നെടുത്താല്‍ ഒന്ന് എന്ന സൗജന്യം ഉള്‍പ്പെടെയുള്ള ഓഫറുകളുമായി മദ്യവില്‍പ്പന മത്സരാധിഷ്ഠിതമായി മാറിയിരുന്നു. പിന്നീട് ലഫ്റ്റന്റ് ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17ന് നടപ്പാക്കിയ മദ്യനയ വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചു.
പുതിയ നയത്തിലെ വ്യവസ്ഥകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കമ്പനികള്‍ക്ക് നല്‍കിയെന്നും ഇത് ടെന്‍ഡര്‍ നേടാന്‍ സഹായകരമായെന്നുമാണ് ആരോപണം. കമ്പനികള്‍ക്ക് ലൈസന്‍സ് ഫീസില്‍ 144.36 കോടി രൂപ ഇളവ് നല്‍കിയതിലൂടെ സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ആരോപണമുണ്ട്. സിബിഐ സമര്‍പ്പിച്ച 300 പേജുള്ള കുറ്റപത്രത്തില്‍ അറസ്റ്റിലായ വിജയ് നായര്‍, അഭിഷേക് ബോയിന്‍പള്ളി എന്നിവരടക്കം ഏഴ് പ്രതികളാണ് ഉള്ളത്.
ദില്ലിയിലെ മാത്രമല്ല, പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയത്തിലും അഴിമതിയുണ്ടെന്ന ബിജെപിയുടെ ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്. മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ കെജ്രിവാളിലേയ്ക്കും തെലുങ്കാനയിലേക്കും വഴിവെട്ടാന്‍ അന്വേഷണ ഏജന്‍സി തുനിയുമോ എന്നത് രാജ്യത്തെ പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ നിരയുടെ ഐക്യത്തിനായി മുന്‍കൈ എടുക്കുന്ന ചന്ദ്രശേഖര റാവുവിനെ കൂടി പൂട്ടാന്‍ കിട്ടുന്ന അവസരം കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് വച്ചേക്കില്ല. 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രൂപപ്പെടുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ദില്ലി മദ്യനയ അഴിമതി ആരോപണങ്ങള്‍ കാരണമാകുമോ എന്നാണ് ഇനി അറിയേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here