സഹപ്രവര്‍ത്തകന്‍ കൊലപാതകി, തന്നെയും കൊല്ലും; സന്ദേശത്തിന് പിന്നാലെ മലയാളി എന്‍ജിനീയറെ കാണാതായി

മുംബൈയില്‍ മലയാളി എന്‍ജിനീയറെ കാണാതായ കേസില്‍ ദുരൂഹത വര്‍ധിക്കുന്നു. സഹപ്രവര്‍ത്തകന്‍ കൊലപാതകിയാണെന്നും തന്നെയും വകവരുത്തിയേക്കുമെന്നും അടൂര്‍ സ്വദേശിയായ ഇനോസ് സുഹൃത്തുക്കളെ അറിയിച്ച സന്ദേശങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഗുജറാത്ത് സ്വദേശി കരണിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി മുംബൈയിലെത്തിയ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.

മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ കടലില്‍ ബോംബെ ഹൈ സൗത്ത് എന്ന പ്ലാറ്റ്ഫോമില്‍ വച്ചാണ് ഇനോസ് വര്‍ഗീസിനെ കഴിഞ്ഞ വെള്ളിയാഴ്ച കാണാതാകുന്നത്. ഇനോസ് കടലില്‍ ചാടിയെന്നായിരുന്നു കമ്പനിയില്‍ നിന്ന് കുടുംബത്തിന് ലഭിക്കുന്ന വിവരം. എന്നാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് മുംബൈയിലെത്തിയ അച്ഛന്‍ റെജി വര്‍ഗീസ് പറയുന്നത്. ഇതിന് തെളിവായി ഇനോസ് സുഹൃത്തിന് അയച്ച സന്ദേശങ്ങള്‍ റെജി കൈരളി ന്യൂസിന് പങ്ക് വെച്ചു.

കരണ്‍ അപായപ്പെടുത്തിയേക്കുമെന്നും കരയിലെത്തി വിശദമായി പറയാമെന്നുമാണ് ഇനോസ് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്. കൂടാതെ ജോലി പൂര്‍ത്തിയായെന്നും വൈകിട്ട് ഹെലികോപ്റ്ററില്‍ കരയിലേക്ക് മടങ്ങുമെന്നും ഇനോസ് അമ്മയോട് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്.

അതേസമയം ഇനോസ് കടലിലേക്ക് എടുത്ത് ചാടിയെന്ന സഹപ്രവര്‍ത്തകനായ കരണ്‍ നല്‍കിയ മൊഴിയാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. കസ്റ്റഡിയിലുള്ള കരണിനെ മുംബൈ പൊലീസ് മൂന്ന് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. കൂടാതെ സന്ദേശം ലഭിച്ച സുഹൃത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

സുഹൃത്തിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്. ജോലിക്കിടയിലുണ്ടായ ഇനോസിന്റെ ആകസ്മിക മരണം ഉയര്‍ത്തിയിരിക്കുന്ന ദുരൂഹത മറ നീക്കി പുറത്തുകൊണ്ട് വരേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News