തോഷഖാന കേസ്, പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

തോഷഖാന കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്. തലസ്ഥാനത്തെ ഇസ്ലാമാബാദ് സെഷന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായി വിചാരണയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇമ്രാന്‍ ഖാനെതിരെ നിലവില്‍ 4 കേസുകളാണ് പാക്കിസ്ഥാനിലെ വിവിധ കോടതികളിലായി ഉള്ളത്. ഇതില്‍ തോഷഖാന ഒഴികെ മറ്റ് മൂന്ന് കേസുകളിലും ഇമ്രാന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവായിട്ടുണ്ട്. അനധികൃതമായി വിദേശത്ത് നിന്ന് പണം സ്വീകരിക്കല്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കല്‍, കൊലപാതക ശ്രമം, തോഷഖാന എന്നീ കേസുകളാണ് ഇമ്രാനെതിരെ നിലവിലുള്ളത്.

പ്രധാന മന്ത്രിയായിരിക്കെ രാജ്യത്തിന് ലഭിച്ച സമ്മാനങ്ങളും സംഭാവനകളും സ്വന്തം ആവശ്യത്തിന് വകമാറി ചെലവഴിച്ചു എന്നതാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്. തോഷഖാന കേസിന്റെ വിചാരണ ചൊവ്വാഴ്ച നടക്കാനിരിക്കെ കോടതിയില്‍ ഹാജരാകാന്‍ ഇമ്രാന് കഴിഞ്ഞിരുന്നില്ല. മറ്റ് മൂന്ന് കേസുകളിലും ഹാജരാകാനുള്ളത് കൊണ്ടാണ് കോടതിയില്‍ എത്താന്‍ കഴിയാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

2018ലാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അഴിമതിയും തീവ്രവാദ ബന്ധവും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് 2022ല്‍ പാകിസ്ഥാന്‍ പാര്‍ലമെന്റ് പ്രമേയത്തിലൂടെ പദവിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration