ആം ആദ്മി പാര്‍ട്ടിയുടെ മാനിഫെസ്റ്റൊ കമ്മിറ്റി ചെയര്‍മാനും കര്‍ണാടകയിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ഭാസ്‌കര്‍ റാവു ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്. ബുധനാഴ്ച ബംഗളൂരുവിലെ ബിജെപി ഓഫീസില്‍ മുതിര്‍ന്ന പാര്‍ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്ന് റാവു അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ വര്‍ഷമാണ് റാവു ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരുന്നത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ബംഗളൂരു നഗരത്തിലെ ഒരു മണ്ഡലത്തില്‍ ഇദ്ദേഹം മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായുന്നു. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ചില മുതിര്‍ന്ന നേതാക്കളുമായി ഇടഞ്ഞതിനാല്‍ കുറച്ചുകാലമായി അദ്ദേഹം എഎപി നേതൃത്വവുമായി സ്വരചേര്‍ച്ചയിലായിരുന്നില്ല.
അടുത്തിടെ നടന്ന സംസ്ഥാന ഘടകത്തിന്റെ പുനഃസംഘടനയിലും റാവു പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മിയുടെ ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മാര്‍ച്ച് നാലിന് കര്‍ണാടക സന്ദര്‍ശിക്കുന്നുണ്ട്. ഇതിനിടയിലാണ് എഎപിയില്‍ നിന്ന് പുറത്തുപോകുമെന്ന് റാവു വ്യക്തമാക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here