അര്‍ജന്റീനയില്‍ കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഫെബ്രുവരി 18-നാണ് അര്‍ജന്റീനയുടെ തെക്കന്‍ ചുബുട്ട് പ്രവിശ്യയുടെ തീരത്തുവച്ച് 32-കാരനായ ഡിയേഗോ ബാരിയ(32)യെ കാണാതാകുന്നത്. പരിസരത്ത് നിന്ന് ഇയാളുടെ വാഹനം കണ്ടെത്തിയിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും ബാരിയയെ കണ്ടെത്താനായിരുന്നില്ല.
10 ദിവസത്തിന് ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് 3 സ്രാവിനെ കിട്ടി. ഇതിലൊന്നിനെ മുറിച്ചു നോക്കിയപ്പോള്‍ സ്രാവിന്റെ വയറ്റില്‍നിന്ന് മനുഷ്യന്റെ കൈ ലഭിക്കുകയായിരുന്നു. ഇവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയും ബാരിയയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാനിയേല മില്ലട്രൂസ് ഇവിടെയെത്തി പരിശോധിക്കുകയും ചെയ്തു.
വിവരമറിയിച്ചതനുസരിച്ച് കുടുംബാംഗങ്ങള്‍ എത്തി. ശരീരാവശിഷ്ടത്തിലെ ടാറ്റൂ കണ്ട് അത് ബാരിയയുടേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. ബാരിയ തീരത്തുകൂടി സഞ്ചരിക്കുന്ന സമയത്ത് വലിയ തിരമാലകളുണ്ടായിരുന്നു. തിരയില്‍പ്പെട്ട് കടലില്‍ അകപ്പെടുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here