വരാപ്പുഴ സ്‌ഫോടനം, രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പടക്ക സംഭരണ ശാലക്ക് ലൈസന്‍സുള്ള ജാന്‍സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.പി.സി 308, 304 വകുപ്പുകള്‍, എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ്. പടക്ക സംഭരണ ശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ജെയ്‌സന്റെ ബന്ധുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജാന്‍സന്റെ സഹോദരനായ ജെയ്‌സന്റെ ബന്ധുവില്‍ നിന്ന് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക സംഭരണ ശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ ബന്ധുവിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.

പടക്കനിര്‍മാണത്തിനോ സംഭരിക്കുന്നതിനോ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. പടക്ക വില്‍പനക്കുള്ള ലൈസന്‍സ് മാത്രമാണ് ജാന്‍സണ് ഉണ്ടായിരുന്നത്.

വില്‍പനക്കുള്ള ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 500 കിലോ സാമഗ്രികള്‍ സൂക്ഷിക്കാനും വില്‍പനക്കുമാണ് ജാന്‍സണ് ലൈസന്‍സുള്ളത്. അമിതമായ ചൂട് കാരണമാണ് സ്‌ഫോടനം ഉണ്ടായത് എന്നാണ് സംശയം. ഇതിനെപ്പറ്റി സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌ഫോടനം നടന്ന കെട്ടിടത്തിനടുത്തുള്ള വീട്ടിലും വന്‍തോതില്‍ പടക്കങ്ങള്‍ സംഭരിച്ചതായി ആരോപണമുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കി.

ഇന്നലെ വൈകിട്ട് മുട്ടിനകത്ത് പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പടക്കനിര്‍മാണശാല ഉടമ ജാന്‍സന്റെ ബന്ധു ഡേവിസാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില തൃപ്തികരമാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ പത്തോളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News