യൂറിക് ആസിഡ് വില്ലനാകുമ്പോള്‍ ശീലങ്ങളില്‍ കരുതലാവാം

യൂറിക് ആസിഡ് മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ദുരിതപ്പെടുന്നവര്‍ ധാരാളമുണ്ട്. അതിനാല്‍ തന്നെ വളരെ കരുതലോടെ യൂറിക് ആസിഡിനെ മനസ്സിലാക്കേണ്ടതുണ്ട്.

ശരീരത്തിലെ കോശങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്യൂരിന്‍ വിഘടിച്ചാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഭക്ഷണത്തിലെ മാംസ്യം ദഹിച്ച ശേഷവും യൂറിക് ആസിഡ് ഉണ്ടാവുന്നു. രക്തത്തിലെ യൂറിക് ആസിഡിന്റെ സാധാരണ അളവ് പുരുഷന്മാരില്‍ 3.4-7 mg/dlഉം സ്ത്രീകളില്‍ 2.4-6 mg/dlഉം ആണ്.

മൂത്രത്തിലൂടെയും മലത്തിലൂടെയും ശരീരത്തില്‍ നിന്ന് യൂറിക് ആസിഡ് പുറന്തള്ളുന്നത്. ശരീരത്തില്‍ അധികമായി വരുന്ന യൂറിക് ആസിഡ് കാലിന്റെ പെരുവിരലിന്റെ സന്ധികളില്‍ അടിഞ്ഞുകൂടുന്നു. തുടര്‍ന്ന് അതികഠിനമായ വേദന, നീര്‍ക്കെട്ട്, വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവ ഉണ്ടാകുന്നു. ഉയര്‍ന്ന യൂറിക് ആസിഡ് അളവ് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും കാരണമായേക്കാം. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ചികിത്സയ്‌ക്കൊപ്പം ഭക്ഷണത്തിലും ശ്രദ്ധിക്കണം.

ഒഴിവാക്കേണ്ട ഭക്ഷണം

* മാംസാഹാരങ്ങള്‍ ഭൂരിഭാഗവും പ്യൂരിന്‍ കൂടുതലുള്ളവയാണ്. അതിനാല്‍, ദിവസേന 1-2 പ്രാവശ്യത്തില്‍ കൂടുതല്‍ ഇവ കഴിക്കാന്‍ പാടില്ല.

* ആട്ടിറച്ചി, ബീഫ്, ടര്‍ക്കി, പന്നിയിറച്ചി, കരള്‍, കിഡ്‌നി തുടങ്ങിയവ ഒഴിവാക്കുക.

* മത്സ്യങ്ങളില്‍ ചൂര, ചാള, മത്തി, നെത്തോലി, കോര, കിളിമീന്‍, ചെമ്പല്ലി, കരിമീന്‍, കണവ, പുഴമീന്‍ എന്നിവയിലും കടല്‍ വിഭവങ്ങളായ ചിപ്പി, കക്ക, കൊഞ്ച്, ചെമ്മീന്‍ തുടങ്ങിവയിലും പ്യൂരിന്‍ ഘടകം കൂടുതലാണ്. ഇവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക. മറ്റു മീനുകള്‍, മുട്ടയുടെ വെള്ള, കോഴിയിറച്ചി മിതമായും കഴിക്കാം.

* സസ്യാഹാരങ്ങളില്‍ ചീര, കോളിഫ്‌ളവര്‍, കൂണ്‍, ഓട്‌സ് തുടങ്ങിയവ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. പയറു-പരിപ്പുവര്‍ഗ്ഗങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. മറ്റു പച്ചക്കറികള്‍ ധാന്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്താം.

ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം

* വിറ്റാമിന്‍- സി അടങ്ങിയ ഭക്ഷണങ്ങള്‍, പഴങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തില്‍ നിന്ന് യൂറിക് ആസിഡ് പുറന്തള്ളാന്‍ സഹായിക്കുന്നു. ഓറഞ്ച്, പപ്പായ, ചെറി, കിവിപഴം, നെല്ലിക്ക, പേരയ്ക്ക, നാരങ്ങ തുടങ്ങിയവ ധാരാളം ഉള്‍പ്പെടുത്തുക.

* നാരങ്ങാനീര് ശരീരത്തെ ആല്‍ക്കലീന്‍ അളവ് കൂട്ടാന്‍ സഹായിക്കുന്നു. ദിവസേന ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം. നട്‌സ് മിതമായി, 2 ടേബിള്‍ സ്പൂണ്‍ എന്ന അളവില്‍ കഴിക്കാം.

* മുട്ട, കൊഴുപ്പ് നീക്കിയ പാല്‍, പഴവര്‍ഗങ്ങള്‍, ധാന്യാഹാരങ്ങള്‍ തുടങ്ങിയവ താരതമ്യേന പ്യൂരിന്‍ കുറവുള്ളവയാണ്. ബാര്‍ളി, കിഴങ്ങുവര്‍ഗങ്ങള്‍, ക്വിനോവ എന്നിവ ഉള്‍പ്പെടുത്താം.

* ദിവസേന 2-3 ലിറ്റര്‍ വെള്ളം കുടിക്കണം.

ഇവയൊക്കെ ശ്രദ്ധിക്കണം

* മദ്യം പൂര്‍ണമായും ഒഴിവാക്കാം.

* ശരീരഭാരം നിയന്ത്രിക്കണം.

* മാനസിക സമ്മര്‍ദ്ദം കുറയ്ക്കണം.

* പഞ്ചസാര കുറയ്ക്കാം.
.
* നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ ഉള്‍പ്പെടുത്തണം.

* ഹൃദ്രോഗം, പ്രമേഹം, കിഡ്‌നി രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിവ ഉള്ളവര്‍ ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരം ദൈനംദിന ഭക്ഷണം ക്രമീകരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News