ഇഡിയുമായി കൂട്ടുകെട്ടിലുള്ള പ്രതിപക്ഷത്തിനുള്ളത് കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഇഡി നടപടികളില്‍ ഒരു ഭയവുമില്ലെന്നും കേരളത്തില്‍ ഇഡി-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ആ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് നിയമസഭയില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കാനാവില്ല. ഇതേ റിപ്പോര്‍ട്ടൊക്കെ ദില്ലിയിലും ഉണ്ടായിരുന്നല്ലോ. അപ്പോള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് തള്ളിയില്ലേ? ഇടത് മുന്നണിക്ക് ഒരുനിലപാടേ ഇക്കാര്യത്തില്‍ ഉള്ളു. ഇ ഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നു. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടല്ല കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഗ്യാസിന്റെ വില എത്രവേണേലും വര്‍ധിപ്പിച്ചോ എന്നാണ് കേന്ദ്രം കമ്പനികളോട് പറയുന്നത്. സ്ഥിരമായി കൂട്ടിക്കൊണ്ടിരുന്നത് വീണ്ടും കൂട്ടി. അതെല്ലാം അദാനിയും അംബാനിയും ഉള്‍പ്പെടെയുള്ള കുത്തക കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് . അവരെ സഹായിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത് . കോണ്‍ഗ്രസാണ് പാചക വാതക വില തീരുമാനിക്കാന്‍ കമ്പനികളെ ചുമതലപ്പെടുത്തിയത്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം അവകാശം ഉപയോഗിച്ച് തോന്നിയപോലെ വില കൂട്ടുകയാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.

എല്ലാവര്‍ക്കും സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ലഭിക്കും. കുറേപേര്‍ അതില്‍നിന്ന് പുറത്തുപോകും എന്നത് തെറ്റായ പ്രചരണമാണ്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടി നല്‍കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാകും. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉണ്ടാകണം. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ 62 ലക്ഷം പേര്‍ക്കാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. 60 വയസ്സുകഴിഞ്ഞവരില്‍ 78 ശതമാനം പേര്‍ക്കും വിവിധതരം പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് റിസര്‍വ് ബാങ്ക് തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഭൂരഹിതായ എല്ലാവര്‍ക്കും ഭൂമിലഭ്യമാക്കുകയും ഭൂമിക്ക് പട്ടയം നല്‍കുകയും ചെയ്യും. സ്വന്തമായി ഒരു വീടെന്ന ജനലക്ഷങ്ങളുടെ സ്വപ്നത്തിന് വെളിച്ചം പകരുകയാണ് ലൈഫ് മിഷന്‍ പദ്ധതി. ലൈഫ് മിഷന്റെ ഭാഗമായി 2023-24ല്‍ 71,861 വീടും 30 ഭവന സമുച്ചയവും നിര്‍മ്മിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News