താടിയുടെ ‘മോടി’ ഉപേക്ഷിച്ചു, പുതിയ ലണ്ടന്‍ ലുക്കില്‍ രാഹുല്‍ ഗാന്ധി

പഴയ ക്ലീന്‍ഷേവ് ചോക്ലേറ്റ് ലുക്കിലേയ്ക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പിച്ചു കഴിഞ്ഞു. താടിയുടെ മോടി ഉപേക്ഷിച്ച രാഹുല്‍ ലണ്ടനിലെത്തിയത് പുതിയ മെയ്ക്ക് ഓവറില്‍. താടി ട്രിം ചെയ്ത് വേറിട്ടൊരു ലുക്കിലാണ് രാഹുല്‍ ലണ്ടനിലെത്തിയിരിക്കുന്നത്. ഒതുക്കമില്ലാതെ പാറി നില്‍ക്കുന്ന താടി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് മറുപടിയാണ് രാഹുലിന്റെ ഇപ്പോഴത്തെ വേഷപ്പകര്‍ച്ച. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രഭാഷണപരിപാടിയില്‍ പങ്കെടുക്കാനാണ് രാഹുല്‍ ലണ്ടനിലെത്തിയത്‌.

ഭാരത് ജോഡോ യാത്ര കാശ്മീരില്‍ അവസാനിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വേഷപ്പകര്‍ച്ചകള്‍ക്കൊപ്പം അനുസരണയില്ലാതെ പാറി നില്‍ക്കുന്ന താടിയും ശ്രദ്ധേയമായി മാറിയിരുന്നു. ക്ലീന്‍ഷേവ് എലഗന്‍ ചേക്ലേറ്റ് രാഷ്ട്രീയ ലുക്കില്‍ നിന്നും രാഷ്ട്രീയപക്വതയുടെ മുഖം മാറ്റമായി രാഹുലിന്റെ താടി വിശേഷിപ്പിക്കപ്പെട്ടിരുന്നു. മോദിയുടെ താടിക്ക് ബദല്‍ രാഹുലിന്റെ താടിയെന്ന് പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മനിര്‍വൃതി അടഞ്ഞിരുന്നു. എന്തു തന്നെയായാലും ഭാരത് ജോഡോ യാത്രയിലുടനീളം ഉത്തരേന്ത്യയിലെ മൃദുഹിന്ദുത്വ വേഷങ്ങള്‍ക്കും കാശ്മീരിലെ പരമ്പരാഗത നീളന്‍കുപ്പായങ്ങള്‍ക്കും ഒരുപോലെ
ചേരുന്നതായിരുന്നു രാഹുലിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടി.

ഭാരത് ജോഡോ യാത്ര അവസാനിച്ച് പാര്‍ലമെന്റില്‍ എത്തിയപ്പോഴും രാഹുല്‍ ലുക്ക് മാറ്റാന്‍ തയ്യാറായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലും രാഹുലിന്റെ വേഷപ്പകര്‍ച്ചയില്‍ മാറ്റമൊന്നും ഉണ്ടായില്ല. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖം മാറ്റത്തിന്റെ സൂചനയായി രാഹുലിന്റെ രൂപമാറ്റത്തെ പലരും വിലയിരുത്തിയിരുന്നു. അപ്പോഴാണ് താടിയ്ക്ക് മറ്റൊരു ലുക്ക് നല്‍കി രാഹുല്‍ ലണ്ടനിലെത്തിയിരിക്കുന്നത്.

”ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കേള്‍ക്കാന്‍ പഠിക്കാം’ എന്ന വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രഭാഷണം. ഭാരത് ജോഡോ യാത്രയെക്കുറിച്ചും രാഹുല്‍ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാല ബിസിനസ് സ്‌കൂള്‍ ആണ് പ്രഭാഷണം സംഘടിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു രാഹുല്‍ ലണ്ടനില്‍ എത്തിയത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പരിപാടിയ്ക്ക് ശേഷം ഈ മാസം അഞ്ചിന് നടക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. രണ്ടാഴ്ചയോളം ലണ്ടനില്‍ അദ്ദേഹം തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News