സപ്തതി നിറവില്‍ സ്റ്റാലിന്‍, ആഘോഷമാക്കാന്‍ തമിഴ്‌നാട്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഇന്ന് പിറന്നാള്‍. പ്രമുഖ ദ്രാവീഡിയന്‍ നേതാവും ദീര്‍ഘകാലം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കലൈഞ്ജര്‍ കരുണാനിധിയുടെയും ഭാര്യ ദയാലു അമ്മാളിന്റെയും മൂന്നാമത്തെ മകനായി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ 1953-നാണ് എംകെ സ്റ്റാലിന്‍ ജനിച്ചത്. പെട്ടന്നൊരു ദിവസം മുഖ്യമന്ത്രി പദത്തിലെത്തിയ ആളല്ല സ്റ്റാലിന്‍. 1967-ല്‍ തന്റെ 13-ാം വയസുമുതല്‍ ഡിഎംകെ വേദികളില്‍ സ്റ്റാലിന്‍ സജീവമായിരുന്നു. അന്നുമുതല്‍ ഇന്നുവരെയുള്ള സ്റ്റാലിന്റെ രാഷ്ട്രീയ യാത്ര എത്രത്തോളം വിപുലവും കൃത്യവുമായിരുന്നുവെന്നത് തമിഴ് ജനത അദ്ദേഹത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തില്‍ നിന്ന് വ്യക്തമാണ്.

എഴുപതാം പിറന്നാളാഘോഷിക്കുന്ന സ്റ്റാലിന് രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിരവധിപ്പേരാണ് ആശംസകള്‍ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് എംപി, സിനിമാതാരം രജനീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്റ്റാലിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും മാതൃഭാഷകളുടെയും സംരക്ഷണത്തിലൂടെ രാജ്യത്തുടനീളം ഹൃദയങ്ങള്‍ കീഴടക്കാന്‍ സ്റ്റാലിന് കഴിഞ്ഞുവെന്നും സന്തോഷവും ആരോഗ്യവും വിജയവും നേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. സ്റ്റാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും പിറന്നാള്‍ ആശംസകള്‍ പങ്കുവച്ചു. ദീര്‍ഘകാലം ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് രജനീകാന്ത് ആശംസിച്ചു.

വൈകിട്ട് നന്ദനം വൈഎംസിഎ മൈതാനത്തൊരുക്കുന്ന കൂറ്റന്‍ സമ്മേളന വേദിയില്‍ തങ്ങളുടെ നേതാവിന് ആഘോഷമൊരുക്കാനാണ് അനുയായികളുടെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവര്‍ വിശിഷ്ടാതിഥികളാകും.

പാര്‍ട്ടി അധ്യക്ഷന്റെ പിറന്നാളിനോട് അനുബന്ധിച്ച് നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിര വിതരണം, കര്‍ഷകര്‍ക്ക് വിത്തുവിതരണം, രക്തദാന ക്യാംപുകള്‍, വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്ക് വിതരണം, വിവിധയിടങ്ങളില്‍ ഭക്ഷണ വിതരണം, നേത്രപരിശോധന എന്നിവ അടക്കം സംസ്ഥാന വ്യാപകമായി വന്‍ ക്ഷേമപരിപാടികള്‍ നടത്താനാണ് ഡിഎംകെ നേതൃത്വത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here