രജിസ്ട്രേഷന്‍ വകുപ്പിന് റെക്കോഡ് വരുമാനം: മന്ത്രി വി.എന്‍ വാസവന്‍

രജിസ്ട്രേഷന്‍ വകുപ്പിന് 2022-23 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഫെബ്രുവരി അവസാനിച്ചപ്പോള്‍ ബജറ്റില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വരുമാനം നേടിക്കഴിഞ്ഞു.

സാമ്പത്തിക വര്‍ഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാല്‍ 4711.75 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ ലഭിച്ചു. ലക്ഷ്യം വെച്ചതിനേക്കാള്‍ 187.51 കോടി രൂപയുടെ അധിക വരുമാനമാണ് രജിസ്ട്രേഷന്‍ വകുപ്പിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത് (1069 കോടി). റവന്യു വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 629.96 കോടി രൂപ.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്ട്രേഷന്‍ വകുപ്പിന് 4431.88 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 279.87 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തെ വരുമാനവുമായി നോക്കുമ്പോള്‍ ഇത് 907.83 കോടി രൂപയുടെ അധിക വരുമാനമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനം 3803.92 കോടി രൂപയായിരുന്നു.

സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ വരുമാനം 5000 കോടി രൂപയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ രജിസ്ട്രേഷനുകള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ തകരാറുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്ന് എന്‍ഐസിയെ അറിയിച്ചു. ഒരു തരത്തിലുള്ള മൊഡ്യൂള്‍ അപ്ഡേഷനും പാടില്ലായെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റാമ്പ് പേപ്പറുകള്‍ ആവശ്യത്തിന് ലഭ്യമാക്കാനുള്ള നടപടികള്‍ ട്രഷറി വകുപ്പും സ്വീകരിച്ചിട്ടുണ്ട്.

നിലവിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 9 സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഒരു ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനവും മൂന്നാം നൂറുദിന പരിപാടികളുടെ ഭാഗമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News