നേമം ടെര്‍മിനലിനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി അധികം വൈകാതെ ലഭിക്കുമെന്ന് ഉറപ്പ് നല്‍കി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍. തിരുവനന്തപുരം ഡിവിഷന്റെ യോഗത്തിലാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് റെയില്‍വേ ജനറല്‍ മാനേജര്‍ ഉറപ്പ് നല്‍കിയത്.
തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എംപിമാരുടെ യോഗം ഇന്ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിംഗ് നേമം റെയില്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനുള്ള അനുമതി വൈകാതെ റെയില്‍ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുമെന്ന് അറിയിച്ചത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി നേമം ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റിന് അകത്തും പുറത്തും ജോണ്‍ ബ്രിട്ടാസ് എംപി നിരന്തരം ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഈ പദ്ധതി ഉപേക്ഷിക്കുമെന്ന പ്രതികരണം പോലും റെയില്‍വേയുടെ ഭാഗത്തു നിന്നും ഉണ്ടായി. നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എംപി റെയില്‍ മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
ഒരു പതിറ്റാണ്ട് മുമ്പ് റെയില്‍ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് 117 കോടി ചെലവ് കണക്കാക്കുന്ന നേമം പദ്ധതി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാന്‍ രണ്ടു പദ്ധതികളാണ് വിഭാവനം ചെയ്തത്, നേമത്തെയും കൊച്ചുവേളിയിലേയും സാറ്റ്ലൈറ്റ് ടെര്‍മിനലുകള്‍. വടക്കുനിന്ന് വരുന്ന ട്രെയിനുകള്‍ നേമത്തും തെക്കുനിന്നുള്ളവ കൊച്ചുവേളിയിലും ഉള്‍ക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നതായിരുന്നു പദ്ധതി.
നേമം പദ്ധതി 2011-12ല്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. ഏറെക്കാലത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം 2018-19ല്‍ അംബ്രലാ വര്‍ക്കില്‍ ഉള്‍പ്പെടുത്തി. പിന്നാലെ 2019 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ആ വര്‍ഷം മാര്‍ച്ച് ഏഴിന് പദ്ധതിക്ക് റെയില്‍വേ മന്ത്രി തറക്കല്ലിട്ടു. എന്നാല്‍ പിന്നീട് ഒന്നും നടക്കാത്തനിലയായി.
പദ്ധതി, അനുമതിക്ക് കാക്കുകയാണ് എന്ന വിവരമാണ് രണ്ടു തവണ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുത്തരമായി സഭയില്‍ കേന്ദ്രം നല്‍കിയത്. വ്യക്തമായ ഉത്തരമല്ല ലഭിച്ചതെന്ന് രാജ്യസഭാധ്യക്ഷനോട് എംപി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം പദ്ധതി ഉപേക്ഷിച്ചതായി 2022 മെയ് 30ലെ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ രാജ്യസഭാ സെക്രട്ടറിയേറ്റ് മുഖേന എംപിയെ അറിയിച്ചത്.
ബജറ്റിൽ പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതിയില്‍ നിന്നും മാറിനില്‍ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എംപി രാജ്യസഭയില്‍ വിഷയം അവതരിപ്പിക്കുകയും കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇന്നത്തെ യോഗത്തില്‍ ഈ വിഷയം സംബന്ധിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ആവശ്യത്തെ അടൂര്‍ പ്രകാശ് എംപിയും എ എ റഹീം എംപിയും പിന്തുണച്ചു.
കേരളത്തിന്റെ അടിസ്ഥാന റെയില്‍വേ വികസനം സംബന്ധിച്ച ആശങ്കകളും ജോണ്‍ ബ്രിട്ടാസ് എംപി യോഗത്തില്‍ ഉന്നയിച്ചു. പുതിയ പാതകള്‍ക്കായി ദക്ഷിണ റെയില്‍വേ 1158 കോടി രൂപ വകയിരുത്തിയപ്പോള്‍ അതില്‍ 100.25 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കുക. പാത ഇരട്ടിപ്പിക്കല്‍ സംബന്ധിച്ച് കന്യാകുമാരി പാതയുടെ തമിഴ്നാട് ഭാഗം മാറ്റി നിര്‍ത്തിയാല്‍ 193.49 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കുക. 32000 കോടി രൂപ വീതമാണ് പുതിയ പാതയ്ക്കും പാത ഇരട്ടിപ്പിക്കലിനും വേണ്ടി രാജ്യത്ത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിക്കുന്നത്. ആയതിന്റെ 0.30 ശതമാനവും 0.60 ശതമാനവുമാണ് യഥാക്രമം പുതിയ പാതയ്ക്കും പാത ഇരട്ടിപ്പിക്കലിനും വേണ്ടി കേരളത്തിന് ലഭിക്കുക എന്ന വസ്തുതയും ജോണ്‍ ബ്രിട്ടാസ് എം പി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കൊച്ചുവേളി ടെര്‍മിനല്‍ പദ്ധതി വൈകാതെ പൂര്‍ത്തിയാക്കുമെന്നും ജനറല്‍ മാനേജര്‍ ഉറപ്പ് നല്‍കി. നാമമാത്രമായ തുകയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് എന്നത് കാര്യമാക്കേണ്ടതില്ലെന്നും പദ്ധതിക്ക് ആവശ്യമായ തുക ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ മാനേജര്‍ വ്യക്തമാക്കി. എന്നാല്‍ പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലെന്നപോലെ കൊച്ചുവേളി ടെര്‍മിനലില്‍ വിഭാവനം ചെയ്തിരുന്ന ആട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റ് സ്ഥലസൗകര്യമില്ലെന്നും മറ്റുമുള്ള തൊടുന്യായങ്ങള്‍ ഉന്നയിച്ച് തിരുനെല്‍വേലിയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ദക്ഷിണ റെയില്‍വേ എടുത്ത തീരുമാനം അപലപനീയമാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി യോഗത്തില്‍ റെയില്‍വേ അധികാരികളെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here