ബഫര്‍ സോണ്‍: വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി

ബഫര്‍ സോണില്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. പരിസ്ഥിതി ലോല പ്രദേശത്ത് 70582 നിര്‍മ്മിതികള്‍ കണ്ടെത്തിയതായി വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ നിര്‍മ്മിതികള്‍. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതി മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ട് തുടര്‍ പരിശോധനയ്ക്ക് ശേഷം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

ബഫര്‍ സോണ്‍ മേഖലയിലെ സ്ഥിതി വിവര കണക്ക് പരിശോധിക്കാനാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. നിര്‍മ്മിതികളുടെ സ്വഭാവമനുസരിച്ച് ഇനം തിരിച്ച് സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 74 സംരക്ഷിത വനം പ്രദേശങ്ങളുടെ ചുറ്റുമുള്ള നിര്‍മ്മിതികളാണിവ. റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പരിശോധിക്കും. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുഖാന്തരം സുപ്രീംകോടതിയില്‍ സംസ്ഥാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും നിയമപരിശോധന പൂര്‍ത്തിയാക്കി ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സമിതികളില്‍ നിന്നും വ്യത്യസ്തമാണ് ഈ സമിതിയുടെ പ്രവര്‍ത്തനം. സ്ഥിതിവിവരക്കണക്കാണ് സമിതി പരിശോധിച്ചത്. അത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഭൂതല സര്‍വ്വേ, ജനങ്ങളുടെ പരാതികള്‍ എന്നിവ പരിഗണിച്ചാണ് സമിതി പരിശോധന നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

യഥാസമയം കണക്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. നിയമ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതിന് ശേഷമാകും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. ജനവാസ മേഖലയാണ് ഇത് എന്ന് തെളിയിക്കുന്ന മതിയായ തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. അത് സുപ്രീംകോടതിക്ക് ബോധ്യപ്പെടും എന്നാണ് വിശ്വസിക്കുന്നത്. ഇത് കര്‍ഷകരെ ദോഷകരമായി ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News