ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവിതം താളം തെറ്റിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു എന്നാണ് ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ധനവിനെതിരെ ഉയരുന്ന രാഷ്ട്രീയ വിമര്‍ശനം. ജനുവരി രണ്ടിന് രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വില 25 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വാണിജ്യ സിലിണ്ടറിന്റെയും ഗാര്‍ഹിക ആവശ്യ സിലിണ്ടറിന്റെയും വില കേന്ദ്രം വര്‍ധിപ്പിച്ചത്.
കേന്ദ്രത്തിന്റെ നടപടിക്കെതിരെ ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളാണ് രാജ്യത്തുയരുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമാകുന്ന നടപടി സ്വീകരിച്ച കേന്ദ്ര സമീപനത്തെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തി. ഗ്യാസിന്റെ പേരില്‍ വലിയ കൊള്ളയാണ് കേന്ദ്രം നടത്തുന്നതെന്നും ബിജെപിയെക്കുറിച്ച് യുഡിഎഫിന് ഒന്നും പറയാനില്ലെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ കാരണം ഓരോ വ്യക്തിയും നട്ടംതിരിയുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രൂക്ഷമായി വിമര്‍ശിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിലാണ് അനിയന്ത്രിതമായ വില വര്‍ധനവ് കേന്ദ്രം സൃഷ്ടിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here