മാനസിക രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

മാനസിക രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആലപ്പുഴ നൂറനാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം. എന്നാല്‍ നഴ്‌സുമാരെ ആക്രമിച്ച യുവതിയെ പിന്തിരിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

മാനസിക രോഗത്തിന് അടിമയായ 39കാരിയോടാണ് ആശുപത്രി അധികൃതരുടെ ക്രൂരത. ഒരാഴ്ച മുൻപാണ് യുവതിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് എത്തണമെന്ന് രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ ബന്ധുക്കളോട് ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിയ ബന്ധുക്കള്‍ യുവതിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആദ്യം അധികൃതര്‍ അതിന് തയ്യാറായില്ല.

ബന്ധുക്കള്‍ നിലപാട് കടിപ്പിച്ചതോടെയാണ് യുവതിയെ ചികിത്സാമുറിയില്‍ നിന്ന് പുറത്തുകൊണ്ടുവന്നത്. ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് ബന്ധുക്കള്‍ യുവതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലും യുവതി ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്ന് വ്യക്തമായി.

ഒടുവില്‍ യുവതി മര്‍ദ്ദനത്തിനിരയായി എന്ന് ആശുപത്രി അധികൃതരും സമ്മതിക്കുകയായിരുന്നു. യുവതി നഴ്‌സുമാരെ ആക്രമിച്ചു, പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് യുവതിയെ മര്‍ദ്ദിച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ വിചിത്ര ന്യായം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. ആശുപത്രി അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവരെ സമീപിക്കുവാനും ബന്ധുക്കള്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News