എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പൊലീസ്

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാന്‍ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍, അനുമതിയില്ലാതെ എല്‍ദോസ് കുന്നപ്പിള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

എല്‍ദോസിന്റെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയ എല്‍ദോസ് കുന്നപ്പിള്ളി അപേക്ഷ നല്‍കിയിട്ടുണ്ടെന്നായിരുന്നു വിശദീകരിച്ചത്.

അതേസമയം, കോൺഗ്രസിൽ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എല്‍ദോസ് എങ്ങനെയാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തത് എന്ന കാര്യം ചോദ്യചിഹ്നമായി തുടരുകയാണ്. ഒപ്പം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News