ജനാധിപത്യത്തില്‍ ഫാസിസത്തിനും ഒരു മുറിയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഫെബ്രുവരി

ദിപിന്‍ മാനന്തവാടി

ഹിന്ദുത്വയുടെ പരീക്ഷണശാലയിലെ രണ്ട് ഫാസിസ്റ്റ് രാസത്വരഗങ്ങളെ ഓര്‍മ്മിപ്പിച്ചാണ് വീണ്ടുമൊരു ഫെബ്രുവരി കൂടി കടന്നു പോകുന്നത്. പ്രത്യശാസ്ത്ര പുസ്തകം ചൂണ്ടിക്കാണിച്ച ആഭ്യന്തശത്രുവിനെ വേട്ടയാടാനുള്ള ആയുധങ്ങള്‍ രാകി മിനുക്കിയ 2002ലെയും ആ ആയുധങ്ങള്‍ സംഘടിതമായി ഉപയോഗിക്കാന്‍ ശേഷി കൈവരിച്ചുവെന്ന് ആവര്‍ത്തിച്ചുറപ്പിച്ച 2020ലെയും ഫെബ്രുവരി, മതേതര ഇന്ത്യയുടെ കറുത്ത ഓര്‍മ്മകൂടിയാണ്.

2002ലെ ഗുജറാത്തും 2020ലെ ഡല്‍ഹിയും തമ്മില്‍ കേവലം അക്കങ്ങളില്‍ മാത്രമാണോ സാമ്യത? രണ്ടും ഒരു ഫെബ്രുവരിയുടെ അവസാനത്തിലെ വെറും ഉന്മാദക്കാഴ്ചകള്‍ മാത്രമായിരുന്നോ?? ഗുജറാത്തില്‍ നിന്നും നീളുന്ന വേരുകള്‍ ദില്ലിയില്‍ അവസാനിക്കുന്നുണ്ടോ??? വടവൃക്ഷത്തിലേക്ക് പടരാന്‍ വളം വലിച്ചെടുക്കുന്ന ഹിന്ദുത്വ ആശയവേരിന്റെ ഒരുപാളി ദില്ലിയിലെത്തി നില്‍ക്കുന്നു എന്ന് മാത്രമേ കണക്കാക്കേണ്ടതുള്ളു. ഒരു തായ്‌വേരിന്റെ രണ്ടു കാലഗണനയിലെ രണ്ടു സഹവേരുകള്‍ തന്നെയാണ് ദില്ലിയും ഗുജറാത്തും.

2002ലെ ഗുജറാത്തിനെയും 2020ലെ ദില്ലിയെയും ആഴത്തില്‍ വിലയിരുത്തിപ്പോയാല്‍ അപകടകമായ നിരവധി സാമ്യതകളാണ് തെളിഞ്ഞുവരുന്നത്. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ഹിന്ദുത്വ ആശയത്തിന്റെ വേരുറപ്പിക്കലിന് ഗുജറാത്ത്-ദില്ലി
കലാപങ്ങള്‍ വെള്ളവും വളവും ആയത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ ഫെബ്രുവരിയുടെ കറുത്ത ഓര്‍മ്മയിലൂടെ പിന്നാക്കം പോയാല്‍ മതി. മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയോ, അവരുടെ സ്വത്തുവകകള്‍ തീവെയ്ക്കുകയോ, നശിപ്പിക്കുകയോ ചെയ്തു എന്നതാണ് ദില്ലിയില്‍ അരങ്ങേറിയ അക്രമത്തിന്റെ പൊതുസ്വഭാവമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നത്. പേര് ചോദിച്ച്, അല്ലെങ്കില്‍ ശാരീരിക അടയാളങ്ങള്‍ നോക്കി ഒരുവിഭാഗത്തെ സംഘടിതമായി അക്രമിക്കുന്ന സ്ഥിതിവിശേഷമാണ് ദില്ലിയില്‍ ഉണ്ടായതെന്നാണ് മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്. ഇത്തരം അക്രമങ്ങള്‍ സംഘടിതമായി അരങ്ങേറുമ്പോള്‍ പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നു എന്നതാണ് പ്രധാനമായും എടുത്ത് പറയേണ്ടത്. ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും ഈ ഘട്ടത്തില്‍ അടിവരയിട്ട് ഓര്‍മ്മിക്കേണ്ടതുണ്ട്.

പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം എന്ന ലഘൂകരിച്ച ചിത്രമാണ് ആദ്യഘട്ടത്തില്‍ ദില്ലിയിലെ കലാപത്തെക്കുറിച്ച് പുറത്തേയ്ക്ക് വന്നത്. കൃത്യമായ വര്‍ഗ്ഗീയസ്വഭാവത്തോടെ, ഒരുകൂട്ടരെ തിരഞ്ഞുപിടിച്ച്, അവരുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടക്കം മുതല്‍ ദില്ലിയില്‍ കലാപം ആരംഭിച്ചത്. എന്നിട്ടും അത് പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സ്വഭാവിക കയ്യാങ്കളി എന്ന നിലയില്‍ എന്തുകൊണ്ട് ചിത്രീകരിക്കപ്പെട്ടു. പൗരത്വഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവര്‍ മുഴുവന്‍ മുസ്ലിംങ്ങളും അതിനെ അനുകൂലിക്കുന്നവര്‍ മുഴവന്‍ ഹിന്ദുക്കളുമെന്ന് പറയാതെ പറയാനും അത്തരമൊരു പരിപ്രേക്ഷ്യം സൃഷ്ടിക്കാനും ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായി എന്നുതന്നെ വേണം കരുതാന്‍.

യഥാര്‍ത്ഥത്തില്‍ പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ നടന്ന പ്രതിഷേധങ്ങളാണോ ദില്ലി കലാപത്തിന് കാരണം. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നടന്ന പലസമരങ്ങളും പൊലീസും സമരക്കാരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. സമരംഗത്ത് ഉണ്ടായിരുന്ന ദില്ലിയിലെ വ്യത്യസ്ത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളെയും സമരക്കാരെയും പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. സമരം ചെയ്യുന്നവര്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ത്തിട്ടുണ്ട്. അപ്പോഴൊന്നും സമരം വര്‍ഗ്ഗീയ കലാപത്തിന്റെ സ്വഭാവത്തിലേയ്ക്ക് വഴിമാറിയിട്ടില്ല. ഇതിനും ശേഷമാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരപ്രതീകമായി രാജ്യതലസ്ഥാനത്തെ ഷഹീന്‍ ബാഗ് ഉയര്‍ന്നു വന്നത്.

ഗുജറാത്തും ദില്ലിയും തമ്മില്‍ പലവിധം സമാനതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജനാധിപത്യവാദികള്‍ ഗൗരവത്തില്‍ പരിഗണിച്ച് പോകേണ്ട ഒരു സാമ്യത കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യക്ഷവും പ്രകടവുമായ പ്രതീകമായി കണക്കാക്കുന്നത് ജനാധിപത്യ സംവിധാനത്തിലൂടെ അരങ്ങേറുന്ന തെരഞ്ഞെടുപ്പുകളാണ്. ഇത്തരം തെരഞ്ഞെടുപ്പുകളെ വര്‍ഗ്ഗീയ കലാപങ്ങള്‍ ധ്രുവീകരണത്തിലൂടെ സ്വാധീനിക്കുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ തന്നെ പതിനെട്ട് കൊല്ലത്തെ ഇടവേളകളില്‍ ഗുജറാത്തിലും ദില്ലിയിലും അരങ്ങേറിയ വര്‍ഗ്ഗീയ സ്വഭാവമുള്ള കലാപങ്ങള്‍ക്ക് തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ഉണ്ടായിരുന്ന ബന്ധവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഗുജറാത്തില്‍ 2002ല്‍ അരങ്ങേറിയ കലാപങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ഉണ്ടായിരുന്ന നാഭീനാളബന്ധം സൂക്ഷ്മ നിരീക്ഷണത്തില്‍ ദില്ലിയിലും കാണാന്‍ സാധിക്കും.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ പ്രതീകം കൂടിയായി ഷഹീന്‍ ബാഗ് വളരെവേഗം മാറി. ഷഹീന്‍ ബാഗ് ഇല്ലാത്ത ദില്ലി സൃഷ്ടിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി കൂടിയായ അമിത്ഷാ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചിരുന്നു. ഷഹീന്‍ ബാഗില്‍ ഇരിക്കുന്നവര്‍ ഇന്ത്യാക്കാരല്ല, പാക്കിസ്ഥാനികളാണെന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളും ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ‘ഹിന്ദുരാഷ്ട്രം സിന്ദാബാദ്’ എന്ന് വിളിച്ചുകൊണ്ടായിരുന്നു ഷഹീന്‍ ബാഗിലെ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കപ്പെട്ടത്. ഇത്തരത്തില്‍ 2020ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിന് ഷഹീന്‍ ബാഗ് സമരം വളരെ സമര്‍ത്ഥമായി ബി.ജെ.പി ഉപയോഗിച്ചിരുന്നു. 80%ത്തിലേറെ ഹിന്ദുവോട്ടര്‍മാരുള്ള ഡല്‍ഹിയില്‍ ഷഹീന്‍ ബാഗ് മുന്‍നിര്‍ത്തിയുള്ള ധ്രുവീകരണ അജണ്ട ലക്ഷ്യം കാണുമെന്നാണ് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മതത്തിന്റെ പേരിലുള്ള ധ്രുവീകരണത്തെ ഡല്‍ഹിയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് തള്ളിക്കളഞ്ഞുവെന്നാണ് 2020ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ചിത്രം.

ഷഹീന്‍ ബാഗിലെ സമരം തെരഞ്ഞെടുപ്പ് നേട്ടമാകുമെന്ന് കണക്കുകൂട്ടിയ, ബി.ജെ.പിയുടെ പ്രതീക്ഷകള്‍ തകര്‍ന്നടിയുക മാത്രമല്ല ഈ സമരത്തിന്റെ ഭാഗമായി രൂപപ്പെട്ട ന്യൂനപക്ഷ കേന്ദ്രീകരണം ആം ആദ്മി പാര്‍ട്ടിക്ക് ഗുണകരമായി തീരുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാഫ്രാബാദിലും ഷഹീന്‍ ബാഗ് മാതൃകയില്‍ സമരം കേന്ദ്രം തുറക്കപ്പെട്ടത്. ദില്ലി പൊലീസ് വിചാരിച്ചിട്ടും ഷഹീന്‍ ബാഗിലെ സമരകേന്ദ്രം ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ദില്ലിയിലെ പ്രധാനകേന്ദ്രങ്ങളിലൊന്നായ ജാഫ്രാബാദില്‍ പുതിയൊരു സമരകേന്ദ്രം തുറക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ്‌ ബി.ജെ.പി നേതാവ് കപില്‍ മിശ്ര ജാഫ്രാബാദിലെ സമരകേന്ദ്രം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിന് താക്കീത് നല്‍കുന്നത്. ”മൂന്ന് ദിവസത്തിനുള്ളില്‍ ജാഫ്രാബാദ്, ചന്ദ് ബാഗ് റോഡുകളില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇത് ദില്ലി പോലീസിനുള്ള അന്ത്യശാസനമാണ്. അല്ലാത്തപക്ഷം ഞങ്ങള്‍ പിന്നെ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ല. വെറും മൂന്നുദിവസം മാത്രം” എന്നായിരുന്നു കപില്‍ മിശ്രയുടെ പൊലീസിനുള്ള താക്കീത്.

ഈ പ്രകോപന പ്രസംഗത്തെ തുടര്‍ന്നായിരുന്നു പൗരത്വഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന ഏകപക്ഷീയ നരേറ്റീവില്‍ സൂചിപ്പിക്കപ്പെട്ട കലാപം ദില്ലിയില്‍ ആരംഭിക്കുന്നത്. ഇതില്‍ ബിജെപിയുടെ ദില്ലിയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കൂടി നിഴല്‍വീണ് കിടക്കുന്നുണ്ട്. മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന വിധത്തില്‍ അത്തരത്തിലൊരു കലാപം ശ്യൂന്യതയില്‍ നിന്ന് ഉടലെടുത്തതല്ലെന്ന് വ്യക്തവുമാണ്. എന്തായാലും കലാപത്തിനിടയില്‍ ജാഫ്രാബാദിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചിരുന്നു. ജാഫ്രാബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായി കപില്‍ മിശ്ര ട്വീറ്റ് ചെയ്തതോടെ ലക്ഷ്യവും, അതിന് തിരഞ്ഞെടുത്ത വഴിയുമെല്ലാമാണ് കൂടുതല്‍ വ്യക്തമായത്. ദില്ലി തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷപ്രസംഗത്തിലൂടെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിലും വലിയ ധ്രുവീകരണം വിദ്വേഷകലാപത്തിലൂടെ സൃഷ്ടിക്കാന്‍ സാധിച്ചോ എന്നതാണ് ദില്ലിയില്‍ പ്രസക്തമാകുന്ന ചോദ്യം.

നേരത്തെ ഗുജറാത്ത് കലാപത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയം എത്തരത്തില്‍ പ്രചോദനവും ലക്ഷ്യവുമായി എന്നത് ഡല്‍ഹിയുമായും ബന്ധിപ്പിച്ച് വായിക്കാവുന്നതാണ്. ഗുജറാത്ത് കലാപം എത്തരത്തില്‍ കലാപാനന്തര തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതിഫലിച്ചുവെന്നതും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടണം.

1998ല്‍ 44%ത്തിലേറെ വോട്ടും 117 സീറ്റുമായാണ് കേശുഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത്. 2000ത്തില്‍ നടന്ന ഗുജറാത്ത് പഞ്ചായത്ത്, താലൂക്ക്, ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തോല്‍വി നേരിടേണ്ടി വന്നു. ഇതിന് ശേഷം 2001ല്‍ നടന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ ബി.ജെ.പി അടിപതറി. സബര്‍മതിയിലും സബര്‍കന്ദയിലും നേരിടേണ്ടി വന്ന പരാജയത്തെ തുടര്‍ന്നാണ് കേശുഭായ് പട്ടേലിന് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറേണ്ടി വന്നത്. പുതിയമുഖം എന്ന നിലയിലാണ് നിയമസഭാ സാമാജികന്‍ പോലുമല്ലാതിരുന്ന, ആര്‍.എസ്.എസിന് സ്വീകാര്യനായ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ആര്‍.എസി.എസിന്റെ ഒരു പ്രചാരകന്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്നു എന്ന പ്രത്യേകതയും നരേന്ദ്രമോദിയുടെ സ്ഥാനലബ്ദിക്കുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായതിന് ശേഷം 2002 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നേട്ടം കൊയ്യാന്‍ സാധിച്ചില്ല. മോദിക്ക് മത്സരിക്കാനായി വാജുഭായി വാല ഒഴിഞ്ഞ രാജ്കോട്ട് 2 മണ്ഡലത്തില്‍ നിന്ന് 14 728 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിന് മാത്രമാണ് നരേന്ദ്രമോദി വിജയിച്ചത്. എന്നാല്‍ ഇതിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മഹ്വ, സയാജിഗുഞ്ച് എന്നീ സിറ്റിങ്ങ് സീറ്റുകളില്‍ ബി.ജെ.പിക്ക് അടിപതറി. സംസ്ഥാനത്തെ ബി.ജെ.പിക്ക് പുതിയമുഖം നല്‍കാനായി സ്ഥാനമേറ്റ നരേന്ദ്രമോദി മത്സരിച്ച ഒരു ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത് സമാനതകളില്ലാത്ത തിരിച്ചുവരവായിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്കകമാണ് ഗുജറാത്ത് കലാപം അരങ്ങേറിയതെന്നതാണ് നമ്മള്‍ അടിവരയിട്ട് ശ്രദ്ധിക്കേണ്ടത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ശേഷിക്കുമ്പോഴായിരുന്നു കേശുഭായ് പട്ടേലിന് പകരം വന്ന നരേന്ദ്ര മോദിക്കും ബി.ജെ.പിയുടെ തലവര തിരുത്താന്‍ കഴിയില്ലെന്ന് വ്യക്തമാകുന്ന പരാജയങ്ങള്‍ സംഭവിക്കുന്നത്. അതിനാല്‍ തന്നെ ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്കകം അരങ്ങേറിയ ഗുജറാത്ത് കലാപം കേവലം യാദൃശ്ചികതയായി വായിച്ചു വിട്ടു കളയാന്‍ സാധിക്കുന്നതല്ല.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2002 ജൂലൈ മാസത്തില്‍ നരേന്ദ്രമോദി രാജിവയ്ക്കുകയും നിയമസഭപിരിച്ചുവിടാന്‍ ശുപാര്‍ശചെയ്യുകയുമായിരുന്നു. പിന്നെയും എട്ടുമാസത്തോളം മന്ത്രിസഭയ്ക്ക് കാലാവധി ശേഷിക്കുമ്പോഴായിരുന്നു ഈ നടപടി. നരേന്ദ്രമോദി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുകയായിരുന്നില്ല മറിച്ച് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശചെയ്യുകയായിരുന്നു എന്നതാണ് ഈ തീരുമാനത്തില്‍ അടിവരയിടേണ്ടത്. എന്തായാലും 2002 ഡിസംബറില്‍ വീണ്ടും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. ഗുജറാത്തിനെ സംബന്ധിച്ച് മാത്രമല്ല രാജ്യത്തെ സംബന്ധിച്ചും നിര്‍ണ്ണായകമായിരുന്നു ആ തെരഞ്ഞെടുപ്പ്. ഹിന്ദുത്വ അജണ്ടയുടെ ആദ്യപരീക്ഷണശാലയെന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഗുജറാത്ത് കലാപത്തിന് ശേഷം 2002ലെ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയെയും മോദിയെയും ഗുജാറത്തിലെ അനിഷേധ്യശക്തിയാക്കി മാറ്റുന്നതാണ് കണ്ടത്.

ഗുജറാത്ത് കലാപം സൃഷ്ടിച്ച വര്‍ഗ്ഗീയ ധ്രുവീകരണം 2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുണകരമായി എന്നത് വ്യക്തമാണ്. 2002 ഫെബ്രുവരിയില്‍ ഗുജറാത്ത് കലാപത്തിന് തൊട്ടുമുമ്പ് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും 2001ല്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും 2000ത്തില്‍ നടന്ന തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പിലും ബിജെപിക്ക് സംഭവിച്ച തിരിച്ചടി പ്രകടമായിരുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലം അപ്രസക്തമാക്കിയാണ് കലാപശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയം കൈവരിച്ചത്. മോദിപ്രഭാവമായിരുന്നു വിജയഘടകമെങ്കില്‍ 2002 ഫെബ്രുവരിയില്‍ മോദി കൂടി മത്സരിച്ച ഉപതെരഞ്ഞെടുപ്പുകളില്‍ അത് പ്രകടമാകേണ്ടതായിരുന്നു. പത്തുമാസത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് കലാപം സൃഷ്ടിച്ച ധ്രുവീകരണം ബി.ജെ.പിക്ക് നേട്ടമായതായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താല്‍ വ്യക്തവുമാണ്.

Scooter & other vehicles were set on fire in Gujrat riots.

1998നെ അപേക്ഷിച്ച് എട്ടുസീറ്റുകള്‍ കൂടുതല്‍ നേടിയാണ് ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയത്. കലാപം ഏറ്റവും തീവ്രമായി ബാധിച്ച മധ്യഗുജറാത്തിലെ പ്രകടനമാണ് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ സഹായിച്ചത്. കലാപം ബാധിച്ച അഹമ്മദാബാദ് ജില്ലയിലെ 19 സീറ്റില്‍ 17 ലും ബി.ജെ.പിക്കായിരുന്നു വിജയം. കലാപം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ അറുപത്തിയഞ്ച് സീറ്റുകളില്‍ അമ്പത്തിമൂന്നു സീറ്റുകളിലും വിജയം ബി.ജെ.പിക്കൊപ്പമായിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി ഗോധ്ര ഒരു വിഷയമായി ഉയര്‍ന്നതും, മുസ്ലിം വിരുദ്ധത ഉയര്‍ത്തിക്കാണിക്കപ്പെട്ടതുമെല്ലാം പിന്നീട് പലതരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്തുതന്നെയായാലും ഗുജറാത്തിലെ വംശീയകലാപം ഉണ്ടാക്കിയ വിഭാഗീയ ധ്രുവീകരണം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിച്ചു എന്നത് സുവ്യക്തമാണ്. പിന്നീടങ്ങോട്ട് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഗുജറാത്ത് കലാപം സൃഷ്ടിച്ച ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍.

ദില്ലിയില്‍ അരങ്ങേറിയ കലാപത്തിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധമുള്ള സാഹചര്യത്തിലാണ് ഡല്‍ഹി കലാപത്തിന് ഗുജറാത്ത് കലാപവുമായുള്ള സാമ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അപ്രതീക്ഷിത തെരഞ്ഞെടുപ്പ് പരാജയങ്ങളെ പിന്തുടര്‍ന്നാണ് രണ്ടിടത്തും വിഭാഗീയതയുടെ വിത്തിറക്കിയുള്ള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. ഗുജറാത്ത് കലാപവേളയില്‍ പൊലീസിനോട് മുന്നുദിവസം നിഷ്‌ക്രിയമാകണമെന്ന നിലയില്‍ നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിരുന്നതായി അന്നത്തെ മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഹരേന്‍പാണ്ഡ്യയും ചില പൊലീസ് ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയ വിവരം പുറത്തുവന്നിരുന്നു. ഈ വിഷയങ്ങളില്‍ നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് കിട്ടിയെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ അന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു എന്നത് ഇന്നും പ്രസക്തമാണ്. അടുത്തിടെ ബിബിസി ഡോക്യുമെന്ററിയും ഗുജറാത്ത് കലാപത്തിന്റെ ഇത്തരം ഇരുളടഞ്ഞ ഏടുകള്‍ തുറന്നിട്ടിരുന്നു. ഇത്തരം ഒരു ആരോപണം ഔട്ട്‌ലുക്ക് മാഗസിനോടും വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച Concerned Citizens Tribunalലിനോടും ഉന്നയിച്ചതായി പറയപ്പെടുന്ന ഹരേന്‍ പാണ്ഡ്യ 2003ല്‍ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. ഹരേന്‍ പാണ്ഡ്യയുടെ ദുരൂഹമരണത്തിന്റെ വേരുകള്‍ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി വരെ കെട്ടുപിണഞ്ഞ് പൂര്‍ണ്ണമായി അഴിയാതെ തന്നെ ഇന്നും ബാക്കിയാണ്.

എന്തു തന്നെയായാലും ദില്ലിയിലും കലാപം തുടങ്ങി മൂന്ന് ദിവസത്തോളം പൊലീസ് കുറ്റകരമായ നിഷ്‌ക്രിയത്വം പാലിച്ചിരുന്നു. കലാപാനന്തര ഗുജറാത്തില്‍ ആഭ്യന്ത്രമന്ത്രിയായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കീഴിലാണ് ദില്ലി പോലീസ് എന്നതും ഇവിടെ കൗതുകകരമായൊരു സാമ്യതയാണ്. 2002ല്‍ നിന്ന് 2020ലേയ്ക്ക് ഒരുപാട് ദൂരമുണ്ട്. പക്ഷെ ഗുജറാത്തും ദില്ലിയും പലതരത്തില്‍ സമാനതകളുള്ള ഇരട്ടക്കുട്ടികളാണ്. ഹിന്ദുത്വയുടെ ഫാസിസ്റ്റ് ദുര്‍ഭൂതത്തിന്റെ ഓര്‍മ്മകള്‍ ആവാഹിച്ച ഫെബ്രുവരി അതിനാല്‍ ഈ ഇരട്ടക്കുട്ടികളുടെ ഓര്‍മ്മയാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News