നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം വന്നതിന് ശേഷം സംസ്ഥാനത്തുണ്ടാവുന്ന അക്രമങ്ങള്‍ തടയാന്‍ ത്രിപുരയില്‍ സുരക്ഷ ശക്തമാക്കി. ത്രിപുരയില്‍ 856 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലും അസം, മിസോറം എന്നിവയുമായുള്ള അന്തര്‍സംസ്ഥാന അതിര്‍ത്തികളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അധികൃതര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം മുതല്‍ മൊബൈല്‍ പട്രോളിംഗ്, വാഹന പരിശോധന, സിസിടിവി നിരീക്ഷണം എന്നിവയും പൊലീസ് ശക്തമാക്കി. ഇന്നലെ കേന്ദ്ര-സംസ്ഥാന സുരക്ഷാ സേനകള്‍ ഫ്‌ലാഗ് മാര്‍ച്ചുകളും ഏരിയ പട്രോളിംഗും നടത്തി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.
ഫലപ്രഖ്യാപനത്തിന് ശേഷം അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലും നൂറുകണക്കിന് സമാധാന യോഗങ്ങള്‍ ഇന്നലെ ജില്ലാ ഭരണകൂടം വിളിച്ചിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍, എട്ട് ജില്ലകളിലെയും ജില്ലാ മജിസ്ട്രേറ്റുകള്‍, 23 സബ് ഡിവിഷനുകളിലെയും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും നേതാക്കന്‍മാരുമായിട്ടുള്ള സ്വാധീനമുള്ള വ്യക്തികളുമായും മുതിര്‍ന്ന പൗരന്മാരുമായും ചര്‍ച്ച നടത്തി. ത്രിപുര ചീഫ് സെക്രട്ടറി ജെ കെ സിന്‍ഹ, പൊലീസ് ഡയറക്ടര്‍ ജനറല്‍ അമിതാഭ് രഞ്ജന്‍, ത്രിപുര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഗിറ്റെ കിരണ്‍കുമാര്‍ ദിനകരറാവു എന്നിവര്‍ എട്ട് ജില്ലകളിലും ബുധനാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു.
ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി, ഇടതുമുന്നണി സഖ്യം, ഗോത്രവര്‍ഗ്ഗ പാര്‍ട്ടിയായ തിപ്രമോത എന്നിവര്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here