മാറിമറിഞ്ഞ ലീഡ് നിലയായിരുന്നു തുടക്കം മുതല്‍ ത്രിപുരയില്‍ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ കേവല ഭൂരിപക്ഷത്തിന് മുകളില്‍ വരെ ബിജെപി ലീഡ് ഉയര്‍ത്തി. എന്നാല്‍ പിന്നീട് ബിജെപിയുടെ ലീഡ് കുറയാന്‍ തുടങ്ങി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനയായിരുന്നു ത്രിപുര നല്‍കിയത്. ബിജെപി ലീഡ് 25ലേക്ക് താഴ്ന്നു. സിപിഐഎം സഖ്യം 24സീറ്റിലേക്ക് വരെ ലീഡ് ഉയര്‍ത്തി. പുതിയ രാഷ്ട്രീയ പാര്‍ടിയായ മാണിക്യ ദേബ് ബര്‍മ്മന്റെ തിപ്രമോദ പാര്‍ടി ശക്തമായ മത്സരം കാഴ്ച വെച്ചു. ഇതോടെ ബിജെപി താഴേക്കെന്ന സൂചനകളായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ മുന്നുമണിക്കൂറുകളില്‍ കണ്ടത്. എന്നാല്‍ 12 മണിക്ക് ശേഷം കാര്യങ്ങള്‍ മാറി. ലീഡ് തിരിച്ചുപിടിച്ച ബിജെപി കേവല ഭൂരിപക്ഷം ഉറപ്പാക്കി. 34 സീറ്റില്‍ ബിജെപി വിജയിച്ചപ്പോള്‍ ഇടതുസഖ്യത്തിന് 14സീറ്റും തിപ്രമോദ പാര്‍ടിക്ക് 12സീറ്റും ലഭിച്ചു.
ത്രിപുര നിലനിര്‍ത്തിയെങ്കിലും 2018ല്‍ കണ്ടതുപോലെ വലിയ മുന്നേറ്റം ബിജെപിക്ക് ഉണ്ടായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് കിട്ടിയത് 43സീറ്റാണെങ്കില്‍ ഇത്തവണ അത് 35ന് താഴെയായി. എങ്കിലും ത്രിപുര കൈപ്പിടിയില്‍ നിലനിര്‍ത്താന്‍ സാധിച്ചു എന്നത് ദേശീയതലത്തില്‍ ബിജെപിക്ക് നേട്ടമാണ്. മുഖ്യമന്ത്രി മണിക് സാഹയുടെ വിജയം നേരിയ ഭൂരിപക്ഷത്തിലായിരുന്നു. വിജയിച്ച ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറഞ്ഞു എന്നതും ത്രിപുര തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
40 ത് ശതമാനത്തോളം വോട്ട് ബിജെപി പിടിച്ചപ്പോള്‍ സഖ്യകക്ഷിയായി ഐപിഎഫ്ടിക്ക് കിട്ടിയത് ഒരു ശതമാനം വോട്ട് മാത്രം. ഐപിഎഫ്ടിയുടെ വോട്ടുകള്‍ തിപ്രമോദ പാര്‍ടിയിലേക്ക് ചോര്‍ന്നു. ഐ.പി.എഫ്.ടിയിലൂടെ ആദിവാസി മേഖലയില്‍ ഉണ്ടാക്കിയ സ്വാധീനം ബിജെപിക്ക് നഷ്ടമായി.
മേഘാലയില്‍ കൊണ്‍റാഡ് സാംഗ്മയുടെ എന്‍പിപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് ആകെ കിട്ടിയത് 4 സീറ്റ് മാത്രം. സാംഗ്മയുടെ പാര്‍ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷം തികക്കാനായില്ലെങ്കിലും 28 സീറ്റിന്റെ മേല്‍കൈ എന്‍പിപി സ്വന്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് ആറ് സീറ്റും കോണ്‍ഗ്രസ് നാല് സീറ്റും നേടി. നാഗാലാന്‍ഡില്‍ എന്‍ഡിപിപി – ബിജെപി സഖ്യം വലിയ മുന്നേറ്റം തന്നെ നടത്തി. എന്‍ഡിപിപി 26സിറ്റ് സ്വന്തമാക്കിയപ്പോള്‍ ബിജെപിക്ക് 13 സീറ്റ് കിട്ടി.
മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് കാര്യമായ നേട്ടമില്ല. ത്രിപുരയില്‍ മൂന്ന് സീറ്റും മേഘാലയില്‍ നാല് സീറ്റും കിട്ടിയ കോണ്‍ഗ്രസിന് നാഗാലാന്റില്‍ ഒരു സീറ്റ് പോലും ഇല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here