കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി പ്രൊഫ. കെവി തോമസ്

സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന വിഹിതം പൂര്‍ണ്ണമായും ഇളവ് ചെയ്യുന്നതിന് തത്വത്തില്‍ തീരുമാനമായെന്ന് കെവി തോമസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണം, എന്നാല്‍ ഈ കാര്യത്തില്‍ പൂര്‍ണ ഇളവ് വേണമെന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് കൂടിക്കാഴ്ചയില്‍ അനുകൂല തീരുമാനമായത്. ഇതിനായി വൈകാതെ ഉദ്യോഗസ്ഥതല യോഗം ചേരും. കേന്ദ്രമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളപ്പൊക്ക കാലത്ത് കേരളത്തിലെ ദേശീയ പാതയ്ക്കുണ്ടായ നാശനഷ്ടം 83 കോടി രൂപയാണ്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുക നല്‍കുന്നതാണ്. കഴക്കൂട്ടം ബൈപ്പാസില്‍ പഴയകട മുതല്‍ കുളത്തൂര്‍ വരെ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കണമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ അന്‍സലന്‍ ആവശ്യപ്പെട്ടിരുന്നു.

കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതോടുകൂടി ഫ്ലൈ ഓവറിന്റെ പണി ആരംഭിക്കും. രാമനാട്ടുകര- വെങ്ങലം സ്‌ട്രെച്ച് ദേശീയ പാതയിലെ ഫ്ലൈ ഓവറിന്റെ കാര്യത്തിലും തീരുമാനം അനുകൂലമാണ്. കല്യാശേരി എംഎല്‍എ ആവശ്യപ്പെട്ടപ്രകാരം ഹാജിമൊട്ടയില്‍ നിര്‍മ്മിക്കുന്ന ടോള്‍ പ്ലാസ 500 മീറ്റര്‍ മാറ്റി വയക്കരവയലില്‍ സ്ഥാപിക്കുന്നതും സര്‍വീസ് റോഡ് നവീകരിക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനം എടുക്കുന്നതാണ്. പയ്യന്നൂര്‍ എംഎല്‍എ യുടെ ആവശ്യപ്രകാരം വെള്ളൂര്‍ ബാങ്ക് പരിസരത്ത് അണ്ടര്‍പാസ് നിര്‍മ്മിക്കുന്നതിനും നടപടി ഉണ്ടാകും.

വടകര മുനിസിപ്പാലിറ്റിയില്‍ ഫ്ലൈഓവര്‍ വേണമെന്ന മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ആവശ്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ പാത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ കുളം ബസാറില്‍ പൊതുജന സൗകര്യാര്‍ത്ഥം ബോക്‌സ് കള്‍വെര്‍ട്ടിന്റെ നിര്‍മ്മാണവും പരിഗണനയിലുണ്ട്. കേന്ദ്രമന്ത്രിയും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ചര്‍ച്ചയില്‍ സംസ്ഥാനത്തിന് അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കെവി തോമസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here