വടക്കുകിഴക്കന്‍ മലകളില്‍ കാലുതെന്നി കോണ്‍ഗ്രസ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നാം കണ്ടത്. 2018ലേത് പോലെ ഇത്തവണയും നാഗാലാന്‍ഡില്‍ സംപൂജ്യരായി. മേഘാലയയില്‍ അഞ്ച് സീറ്റുകളില്‍ പിടിച്ചുനിന്നു. ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ തണലില്‍ ശ്വാസംവിട്ടു. എന്നാല്‍ ഈ തകര്‍ച്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലഞ്ചെരുവില്‍ കാലുതെന്നിവീഴുന്ന പാര്‍ട്ടി എന്ന ചീത്തപ്പേര് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്ന പോലെ ഇന്നും കോണ്‍ഗ്രസിനെ പിന്തുടരുന്നു.

2018 തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍നിന്നാണ് കോണ്‍ഗ്രസ് മേഘാലയയില്‍ ഇപ്പോള്‍ വിരലില്ലെണ്ണാവുന്ന അക്കങ്ങളിലൊതുങ്ങിയത്. കുതികാല്‍വെട്ടും പാര്‍ട്ടിമാറ്റവുമെല്ലാം തകര്‍ത്തെറിഞ്ഞ മേഘാലയയിലെ കോണ്‍ഗ്രസ് ചത്തതിനൊക്കുമോ ജീവിച്ചിരിക്കുന്നത് എന്ന അവസ്ഥയിലാണ്. 2018ല്‍ കോണ്‍ഗ്രസിന് മേഘാലയയില്‍ ലഭിച്ചത് 21 സീറ്റുകളായിരുന്നു. എന്നാല്‍ 2021ല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് 12 എംഎല്‍എമാര്‍ തൃണമൂലിലേക്ക് കൂടുമാറി. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെ! അതിന്റെ ചൂടാറും മുന്‍പേ, മാസങ്ങള്‍ക്ക് ശേഷം 2 എംഎല്‍എമാര്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലേക്കും കൂറുമാറി. 21ല്‍ നിന്നും കോണ്‍ഗ്രസ് ഒറ്റയടിക്ക് ചുരുങ്ങിയത് വെറും 3 പേരിലേക്ക്.

കോണ്‍ഗ്രസിന്റെ നാഗാലാന്റിലെ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. 2018ലും പൂജ്യമെങ്കില്‍ ഇന്നും അതുതന്നെ. അന്നും ഇന്നും കോണ്‍ഗ്രസിനെക്കാള്‍ നേട്ടമുണ്ടാക്കാന്‍ സ്വതന്ത്രര്‍ക്കും ചെറിയകക്ഷികള്‍ക്കും സാധിച്ചുവെന്നത് മാത്രം മതി നാഗാലാന്‍ഡിലെ കോണ്‍ഗ്രസിന്റെ ദയനീയ ചിത്രം മനസ്സിലാക്കാന്‍.

ത്രിപുരയിലും സ്ഥിതി വ്യത്യസ്തമല്ല. 2018ല്‍ കോണ്‍ഗ്രസിന്റെ നേതാക്കളും വോട്ടുബാങ്കും ബിജെപിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇത്തവണ ഇടതുപക്ഷത്തിന്റെ തണലില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ അഞ്ചു സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

2024ലെ ദേശീയ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് ആയാണ് സംസ്ഥാന നിയമസഭകളിലേക്ക് ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വടക്കുകിഴക്കന്‍ മലകയറിയ രാഹുല്‍ പ്രഭാവമോ ഭാരത് ജോഡോ യാത്രയുടെ ഉണര്‍വോ കോണ്‍ഗ്രസിനെ മേഘാലയയില്‍ തുണച്ചില്ല. ഇനി വരാനുള്ളത് ബിജെപിയുടെ രാഷ്ട്രീയപരീക്ഷണ ശാലകളായ മധ്യപ്രദേശും കര്‍ണ്ണാടകയുമാണ്. ഭരണം കൈയ്യിലുള്ള രാജസ്ഥാനും ചത്തീസ്ഗഢും ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പിലേക്ക് പോകും. ചിന്തന്‍ ശിബിറിനും ഭാരത് ജോഡോ യാത്രയ്ക്കും റായ്പൂര്‍ പ്ലീനറിക്കും കോണ്‍ഗ്രസിനെ സംഘടനാപരമായി എത്രമാത്രം നവീകരിക്കാന്‍ സാധിച്ചുവെന്നാവും ഈ തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News