ത്രിപുരയില്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് പരാജയത്തിനോടടുത്ത വിജയം: ഡോ. തോമസ് ഐസക്

ത്രിപുരയില്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് പരാജയത്തിനോടടുത്ത വിജയമാണെന്ന് ഡോ. ടി എം തോമസ് ഐസക്. അവസാന ഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ബിജെപി ചെറിയൊരു ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് വ്യക്തമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എല്ലാത്തരം അടിച്ചമര്‍ത്തലുകളെയും ലക്ഷണമൊത്ത ഫാസിസ്റ്റ് രീതികളെയും നിവര്‍ന്നുനിന്നു നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനം ഏതാണ്ട് നിലനിര്‍ത്തിയതെന്നും തോമസ് ഐസക് പറഞ്ഞു. 65 സഖാക്കളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ത്രിപുരയില്‍ കൊലചെയ്യപ്പെട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിനുശേഷവും ഒരു സഖാവിനെ കൊലപ്പെടുത്തി. ഇനി എത്രപേരുടെ ജീവന്‍ എടുത്തിട്ടാണ് ബിജെപി തങ്ങളുടെ വിജയം ആഘോഷിക്കുകയെന്നത് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പരാജയത്തിനോടടുത്ത വിജയം. ഇതാണ് ത്രിപുരയില്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. അവസാന ഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ബിജെപി ചെറിയൊരു ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ വരുമെന്നു വ്യക്തമാണ്. പക്ഷേ കഴിഞ്ഞ നിയമസഭയില്‍ 44 അംഗങ്ങളുണ്ടായിരുന്ന ബിജെപി സഖ്യത്തിന് ഇപ്പോള്‍ 34 അംഗങ്ങളേ ഉണ്ടാകൂ.

എല്ലാത്തരം അടിച്ചമര്‍ത്തലുകളെയും ലക്ഷണമൊത്ത ഫാസിസ്റ്റ് രീതികളെയും നിവര്‍ന്നുനിന്നു നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനം ഏതാണ്ട് നിലനിര്‍ത്തിയത്. 65 സഖാക്കളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ത്രിപുരയില്‍ കൊലചെയ്യപ്പെട്ടത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനുശേഷവും ഒരു സഖാവിനെ കൊലപ്പെടുത്തി. ഇനി എത്രപേരുടെ ജീവന്‍ എടുത്തിട്ടാണ് ബിജെപി തങ്ങളുടെ വിജയം ആഘോഷിക്കുകയെന്നു കണ്ടറിയണം.

ത്രിപുര ചെറുത്തുനിന്നു, ഇനിയും ഉറച്ചുനില്‍ക്കും എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. എനിക്ക് നേരിട്ടുണ്ടായ അനുഭവം പറയാം.
മൂന്നുമാസം മുമ്പ് ഏതാനും ദിവസം ത്രിപുരയില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചെലവഴിക്കേണ്ടി വന്നു. ത്രിപുരയ്ക്കു പോകുന്ന വഴി ഫ്‌ലൈറ്റില്‍വച്ച് ഏതാനും മലയാളി കന്യാസ്ത്രീമാരെ പരിചയപ്പെട്ടു. അവരുടെ കോണ്‍വെന്റിലേക്കുള്ള ക്ഷണം ഞാന്‍ സ്വീകരിച്ചു. പക്ഷേ അഗര്‍ത്തല ചെന്നപ്പോഴാണ് ഇവരുടെ കോണ്‍വെന്റ് കുറച്ചു ദൂരെയുള്ള ഒരു ആദിവാസി മേഖലയിലാണെന്നു മനസിലാക്കിയത്. ചെല്ലാമെന്നു പറഞ്ഞതല്ലേ അതുകൊണ്ട് പാര്‍ട്ടി ഓഫീസില്‍ പറഞ്ഞ് അതിരാവിലെ അങ്ങോട്ടു പുറപ്പെട്ടു.

പോകുന്ന വഴിക്ക് ഞാന്‍ ശ്രദ്ധിച്ചത് ഒരു ചെങ്കൊടിപോലും കാണാനില്ല എന്നതാണ്. പള്ളിയുടെ സ്‌കൂളിലാണ് ചെന്നത്. സമീപത്തുള്ള ഏതാനും അച്ചന്മാരും ഞാന്‍ വരുന്നത് അറിഞ്ഞ് എത്തിയിരുന്നു. ഒരുമിച്ചു കാപ്പികുടിച്ചു. കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. നമ്മുടെ പാര്‍ട്ടിയൊന്നും ഇവിടെ ഇല്ലേ?

”അങ്ങനെ തെറ്റിദ്ധാരണയൊന്നും വേണ്ട. ഇന്നും ജനങ്ങളില്‍ വലിയൊരുവിഭാഗം പാര്‍ട്ടിയോടൊപ്പമാണ്. പക്ഷേ പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുവേണ്ടി പരസ്യമായി പ്രവര്‍ത്തിച്ചവരുടെയെല്ലാം വീടുകള്‍ തെരഞ്ഞെടുപ്പിനുശേഷം തല്ലിത്തകര്‍ത്തു. അവര്‍ക്ക് കാടുകളിലേക്കു പലായനം ചെയ്യേണ്ടിവന്നു. അതിനുശേഷം പരസ്യമായി പ്രവര്‍ത്തിക്കാന്‍ ആരും ധൈര്യപ്പെടില്ല.”

ഒട്ടേറെ ഫോട്ടോകള്‍ എടുത്തുവെങ്കിലും ഈ സന്ദര്‍ശനത്തെക്കുറിച്ച് ഒരു പോസ്റ്റുപോലും എഴുതിയില്ല. ഞാനായിട്ട് എന്റെ ആതിഥേയര്‍ക്കു കെടുതികളൊന്നും ഉണ്ടാവരുതല്ലോ. തിരിച്ചുചെന്നപ്പോള്‍ സ. മണിക് സര്‍ക്കാര്‍ കലശലായി ദേഷ്യപ്പെടുകയും ചെയ്തു. നിങ്ങളെ തിരിച്ചറിഞ്ഞെങ്കില്‍ ആര്‍ക്കും നിങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണു സഖാവ് പറഞ്ഞത്.

ഇതായിരുന്നു മൂന്നുമാസം മുമ്പുള്ള സാഹചര്യം. ഇവിടെ നിന്നാണ് ബിജെപിയെ വെല്ലുവിളിക്കാന്‍ സഖാക്കള്‍ ഇറങ്ങിയത്. ബിജെപിയുടെ പണക്കൊഴുപ്പും അക്രമങ്ങളും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിന്നുവെന്നുള്ളതാണ് പ്രധാനം. ത്രിപുരയിലെ സഖാക്കളുടെയും ജനങ്ങളുടെയും ത്യാഗം വൃഥാവിലാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News