വികസന കുതിരാന്‍ തുരങ്കം പദ്ധതിയില്‍ ഉണ്ടായ കൂട്ടായ്മ മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

കുതിരാന്‍ തുരങ്കം പദ്ധതി ദൗത്യമായി ഏറ്റെടുത്താണ് പൂര്‍ത്തീകരിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഠിനാധ്വാനം ജനങ്ങളുടെ മനസില്‍ എന്നുമുണ്ടാകും. രണ്ടാം ടണല്‍ തുറക്കലാണ് സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മന്ത്രി ആവര്‍ത്തിച്ചു.

2009 ല്‍ ദേശീയപാതാ അതോറിറ്റി തുടക്കമിട്ട കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തി വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇത്രയും കാലതാമസം ഒരു പ്രവൃത്തിക്കും അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാടില്‍ ദൗത്യമായി ഏറ്റെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.

ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം കൂട്ടായ പരിശ്രമത്തിലൂടെയാണ് പദ്ധതി വേഗം നടപ്പിലാക്കിയത്. നിര്‍മ്മാണ പ്രവൃത്തി വേഗത്തിലാക്കിയും ഓരോ പ്രശ്നത്തിൽ ഇടപെട്ടും പരിഹരിച്ചും ഒരു നോഡല്‍ ഓഫീസറെ ഇതിനായി ചുമതലപ്പെടുത്തിയുമാണ് ഒന്നാം ടണല്‍ നിശ്ചയിച്ച സമയത്ത് തന്നെ തുറന്നു കൊടുക്കാന്‍ സാധിച്ചത്.

വികസന കാര്യത്തില്‍ കുതിരാനില്‍ ഉണ്ടായ കൂട്ടായ്മ മാതൃകയാണ്. എന്നാല്‍ ചിലര്‍ക്കിപ്പോഴും വിവാദങ്ങളിലാണ് കണ്ണെന്നും, ജനങ്ങള്‍ക്ക് ഇതേപ്പറ്റി വ്യക്തമായ ധാരണയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here