സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശ്ശൂര്‍ ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ ജാഥയ്ക്ക് വിപുലമായ സ്വീകരണം നല്‍കി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തില്‍, ജാഥ 12 നിയോജക മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും.
രാവിലെ ചെറുതുരുത്തി പാലത്തില്‍ നിന്നുള്ള സ്വീകരണത്തിന് ശേഷമാണ് ജില്ലയിലെ ആദ്യത്തെ പ്രയാണം ആരംഭിച്ചത്. ജില്ലാ സെക്രട്ടറി എം.എം വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെ തൃശ്ശൂരില്‍ സ്വീകരിച്ചു. തുടര്‍ന്ന് ചേലക്കരയിലും കുന്നംകുളത്തും ചാവക്കാടും വലിയ ജനപങ്കാളിത്തത്തോട് കൂടിയുള്ള സ്വീകരണം ജാഥ ഏറ്റുവാങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന് എതിരായി മാധ്യമങ്ങള്‍ നടത്തുന്ന കള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഇത്തരത്തിലുള്ള പൊള്ളയായ പ്രചാരണങ്ങള്‍ക്കെതിരെ ജനം തീര്‍ത്ത പ്രതിരോധത്തിന്റെ പങ്കാളിത്തമാണ് ഈ ജാഥയില്‍ കാണാന്‍ സാധിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
വിവിധ കേന്ദ്രങ്ങളില്‍ പി.കെ ബിജു, എം സ്വരാജ്, സി.എസ് സുജാത, ജെയ്ക് സി തോമസ്, കെ.ടി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് തേക്കിന്‍ക്കാട് മൈതാനിയിലെ പൊതുസമ്മേളനത്തോടുകൂടി ഇന്നത്തെ പര്യടനം സമാപിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here