ഹണി ട്രാപ്പ് : രണ്ട് യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂര്‍ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളില്‍ വീട്ടില്‍ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോള്‍ (49), ഓണംതുരുത്ത് പടിപ്പുരയില്‍ വീട്ടില്‍ മഹേഷിന്റെ ഭാര്യ രഞ്ജിനി (37),കുമരകം ഇല്ലിക്കുളംചിറ വീട്ടില്‍ പുഷ്‌ക്കരന്‍ മകന്‍ ധന്‍സ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.

രതിമോള്‍, റൂഫ് വര്‍ക്ക് ജോലി ചെയ്യുന്ന ഇയാളെ ഇവരുടെ വീടിന്റെ സമീപത്തുള്ള വീട്ടില്‍ ജോലി ഉണ്ടെന്നും, ഇത് നോക്കുവാന്‍ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സമയം ആ വീട്ടുകാര്‍ പുറത്തുപോയിരിക്കുകയാണെന്നും അവര്‍ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയില്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് രഞ്ജിനി നഗ്‌നയായി മധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധന്‍സ് മുറിയില്‍ എത്തി ഇവരുടെ വീഡിയോ പകര്‍ത്തുകയുമായിരുന്നു.

ഇതിനുശേഷം ഷീബ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താല്‍ ഒത്തുതീര്‍പ്പാക്കാമെന്ന് അറിയിച്ചുവെന്ന് പറയുകയും ചെയ്തു. പിന്നീട്, ഞാന്‍ പറഞ്ഞ് 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കിയിട്ടുണ്ടെന്നും, ഞാനത് കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് എനിക്ക് തിരിച്ചുതരണമെന്ന് മധ്യവയസ്‌കനോട് യുവതി ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് പലപ്പോഴായി ഷീബയും, ഇവരുടെ ഫോണില്‍ നിന്ന് ധന്‍സും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് മധ്യവയസ്‌കന്‍ പൊലീസില്‍ പരാതിപ്പെടുകയും വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ ഇവര്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും, ഇവരുടെ സംഘത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

വൈക്കം എ.സി.പി നകുല്‍ രാജേന്ദ്രദേശ് മുഖ്, വൈക്കം സ്റ്റേഷന്‍ എസ്.ഐ അജ്മല്‍ ഹുസൈന്‍, സത്യന്‍, സുധീര്‍, സി.പി.ഓമാരായ സെബാസ്റ്റ്യന്‍, സാബു, ജാക്‌സണ്‍, ബിന്ദു മോഹന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News