പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന്റെ മനോവിഷമത്തില്‍ 14കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി ബരാദാരിയിലാണ് സംഭവം. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. അതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാതിരുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ അശോക് കുമാര്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ്.പി രാഹുല്‍ ഭാട്ടി അറിയിച്ചു.
ഫീസ് അടയ്ക്കാന്‍ കുറച്ചുദിവസം കൂടി സാവകാശം നല്‍കണമെന്ന് സ്‌കൂള്‍ അധികൃതരോട് കുട്ടി അഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നിട്ടും തന്റെ മകളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും അച്ഛന്‍ ആരോപിച്ചു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
25000 രൂപ ആയിരുന്നു അടയ്‌ക്കേണ്ട ഫീസ്. സ്‌കൂളില്‍ ഫീസടയ്ക്കാന്‍ കുറച്ച് സാവകാശം തേടിയെങ്കിലും അധികൃതര്‍ അത് അനുവദിച്ചില്ല. ഒരു ഡോക്ടറാകാനായിരുന്നു എന്റെ മകളുടെ ആഗ്രഹമെന്നും വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചുവെന്നും എസ്.പി ഭാട്ടി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here