ബ്രഹ്മപുരം തീപിടിത്തം: തീയണയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും, ചീഫ് സെക്രട്ടറി

എറണാകുളം ജില്ലയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജന്‍സികളിലെയും മുതിര്‍ന്നഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. തീ അണയ്ക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും മാര്‍ഗ്ഗങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്തു. തീയണയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

പുകയുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ ഞായറാഴ്ച പരമാവധി വീടിനുള്ളില്‍ തന്നെ തുടരണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാവിയില്‍ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തില്‍ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

നിലവില്‍ ബ്രഹ്മപുരത്തെ മാലിന്യക്കൂനകള്‍ ജെസിബി കൊണ്ട് വകഞ്ഞുമാറ്റി വെള്ളം പമ്പു ചെയ്താണ് തീ കെടുത്താന്‍ ശ്രമിക്കുന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കനത്ത ചൂടായതിനാല്‍ പുകയുന്ന മാലിന്യക്കൂനയില്‍ ഇടയ്ക്കിടെ തീപിടിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

6 സെക്ടര്‍ ആയി തിരിച്ചാണ് തീയണയ്ക്കല്‍ ജോലികള്‍ നടക്കുന്നത്. ഡിഎംഒയുടെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ഓക്സിജന്‍ കിയോസ്‌ക് സ്ഥാപിക്കും. ആവശ്യമുള്ളപ്പോള്‍ മാത്രമേ പരിസരവാസികള്‍ പുറത്തേക്ക് പോകാവൂവെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്ക് പുറമേ കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിക്കും. തൊട്ടടുത്തുള്ള പുഴയില്‍ നിന്ന് വെള്ളം പമ്പു ചെയ്യാനായി ശക്തിയുള്ള പമ്പുകള്‍ ആലപ്പുഴയില്‍ നിന്നെത്തിക്കും.

സഹായത്തിനായി വ്യോമസേനയുടെ കോയമ്പത്തൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്റര്‍ എത്തിച്ച് തീയണക്കാന്‍ ശ്രമിച്ചപ്പോള്‍ താഴെനിന്ന് തീണയ്ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ നിലവില്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കേണ്ട എന്നാണ് തീരുമാനമെന്നും കലക്ടര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ട് നാലിനാണ് ബ്രഹ്മപുരത്ത് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടര്‍ന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്താണ് വ്യാപിച്ചത്. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News