ആറ്റുകാൽ പൊങ്കാല: സ്പെഷൽ സർവീസുകൾ അനുവദിച്ച് റെയിൽവേ

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇനി മൂന്ന് നാള്‍ മാത്രം ശേഷിക്കെ സ്പെഷൽ സർവീസുകൾ അനുവദിച്ച് റെയിൽവേ. പൊങ്കാല ദിവസമായ ചൊവ്വാഴ്ച (മാർച്ച് 7) നാഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവീസുകളും നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

ഏഴിനു പുലർച്ചെ 1.45ന് എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് കോട്ടയം വഴി പ്രത്യേക ട്രെയിൻ ഉണ്ടാകും. ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തുനിന്നു നാഗര്‍കോവിലിലേക്കും ട്രെയിൻ സർവീസുണ്ട്. വൈകിട്ട് 3.30ന് തിരുവനന്തപുരത്തുനിന്നു കോട്ടയം വഴി എറണാകുളത്തേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.

പൊങ്കാല ദിവസം നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിർത്തിയിടും. തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകള്‍ക്ക് പുറമെ കൂടുതല്‍ കോച്ചുകളും അധിക സ്റ്റോപ്പും ഒരുക്കും. അൺറിസർവ്ഡ് എക്സ്പ്രസുകൾക്കാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് ജനറൽ കോച്ചുകൾ അധികമായി അനുവദിച്ചത്.

ട്രെയിനുകളും അധികമായി അനുവദിച്ച സ്റ്റോപ്പുകളും

∙ 16348 മംഗളൂരു ‑തിരുവനന്തപുരം എക്സ്പ്രസ്: പരവൂർ, കടയ്ക്കാവൂർ

∙ 16344 മധുര ജംക്‌ഷൻ- തിരുവനന്തപുരം അമൃത എക്സ്പ്രസ്: പരവൂർ, ചിറയിൻകീഴ്

∙ 16331 മുംബൈ സിഎസ്എംടി- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്: പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം

∙ 16603 മംഗളൂരു ‑തിരുവനന്തപുരം മാവേലി എക്സ്പ്രസ്: കടയ്ക്കാവൂർ, ചിറയിൻകീഴ്

∙ 12695 എംജിആർ ചെന്നൈ സെൻട്രൽ –തിരുവനന്തപുരം സൂപ്പർഫാസ്റ്റ്: ചിറയിൻകീഴ്

∙ 16606 നാഗർകോവിൽ ജംക്‌ഷൻ– മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്: കുഴിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം

∙ 16729 മധുര ജംക്‌ഷൻ- പുനലൂർ എക്സ്പ്രസ്: കുഴിത്തുറൈ, ബാലരാമപുരം

∙ 16650 നാഗർകോവിൽ –മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്: ബാലരാമപുരം

∙ 12624 തിരുവനന്തപുരം ‑ചെന്നൈ സെൻട്രൽ മെയിൽ: കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ

∙ 12696 തിരുവനന്തപുരം ‑ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്: കഴക്കൂട്ടം, ചിറയിൻകീഴ്

അതേസമയം, പൊങ്കാല ദിനത്തില്‍ എല്ലാ ഭക്തര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ഭാരവാഹികൾ അറിയിച്ചു. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. പൊങ്കാലയോട് അനുബന്ധിച്ച് 400 ല്‍ അധികം കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റ ഭാഗമായി 3000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും ആറ്റുകാലില്‍ നിയോഗിച്ചിട്ടുണ്ട്.

പൊങ്കാല ഇടുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് കെഎസ്ഇബി നിർദേശങ്ങളും നിലവിൽ വന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനര്‍, പരസ്യബോര്‍ഡുകള്‍‍ തുടങ്ങിയവ സ്ഥാപിക്കരുത്. ഇന്‍‍സുലേഷന്‍‍ നഷ്ടപ്പെട്ടതോ ദ്രവിച്ചതോ പഴകിയതോ കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍‍ ഉപയോഗിക്കരുത്. വൈദ്യുതി പോസ്റ്റുകളില്‍‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാന്‍‍ പാടില്ല. സുരക്ഷാ മുന്‍‍കരുതലുകള്‍ പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തില്‍ പങ്കാളികളാവുന്നവരും കര്‍ശനമായി പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News