ശ്വാസംമുട്ടി കൊച്ചി: നഗരത്തിൽ പുക പടരുന്നു

തുടർച്ചയായ നാലാം ദിവസവും പ്ലാസ്റ്റിക് വിഷപ്പുകയിൽ മുങ്ങി കൊച്ചി. നഗരത്തിന് മേൽ പുക പടരുകയാണ്. 6 സെക്ടർ ആയി തിരിച്ച് ആണ് തീ അണയ്ക്കൽ ജോലികൾ നടന്നു വരുന്നത്. നിലവിലുള്ള 27 യൂണിറ്റുകള്‍ക്ക് പുറമേ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളെ കൂടി ഇന്ന്  വിന്യസിക്കും. സമീപത്തെ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ആലപ്പുഴ ജില്ലയില്‍ നിന്ന് രണ്ടു വലിയ പമ്പുകള്‍ എത്തിക്കും. ചെറിയ ഡീസല്‍ പമ്പുകള്‍ ലഭ്യമാക്കാനും തീരുമാനിച്ചു.

അതേസമയം, കാറ്റിന്റെ ദിശ മാറ്റം നടപടികളെ പ്രതികൂലമായി  ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇന്ന് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയിൽ കൊച്ചിയുടെ ഹൃദയഭാഗമായ ഇടപ്പള്ളിയിലടക്കം മാനത്ത് പുക മൂടിയ അവസ്ഥയാണ്.

പ്രായമായവർ, കുട്ടികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, കൊവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എല്ലാം ജാഗ്രത പാലിക്കണമെന്ന്  ആരോഗ്യവിദഗ്ദ്ധർ  മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചി നഗരത്തിന് കിഴക്ക് ഭാഗത്തായിട്ടാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏതാണ്ട് 70-80 ഏക്കറിലായി നിലവിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പത്ത് മീറ്റർ ആഴത്തിൽ വരെ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ തീപിടിച്ച മാലിന്യം കെടുത്തിയാലും പുക വരുന്നത് തുടരും എന്നതാണ് പ്രശ്നം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News