ഉസ്ബക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനി നിര്‍മിച്ച സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിൽ കമ്പനിയുടെ ഉല്‍പാദന ലൈസന്‍സ് റദ്ദാക്കും. സിറപ്പില്‍ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഡോക്-1 കഫ്‌സിറപ്പ് നിര്‍മാതാക്കളായ മരിയോണ്‍ ബയോടെക്കിനെതിരെയാണ് നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
36 സാമ്പിളില്‍ 22 എണ്ണത്തിലും ഈഥലൈന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് മൂന്ന് കമ്പനി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉസ്ബക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് സിറപ്പ് കാരണമായെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗൗതം ബുദ്ധ നഗറിലാണ് മരിയോണ്‍ ബയോടെക്കിന്റെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഈ കമ്പനിയുടെ സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ലൈസന്‍സില്ല.
നേരത്തെ ഗാംബിയയിലും ഇന്ത്യന്‍ കമ്പനി നിര്‍മിച്ച സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിച്ച കഫ് സിറപ്പ് കഴിച്ച കുട്ടികളാണ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത്.
അതേസമയം, സംസ്ഥാനത്തെ 108 കഫ് സിറപ്പ് നിര്‍മ്മാതാക്കളില്‍ 84 പേര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായിഭക്ഷ്യമന്ത്രി റാത്തോഡ് പറഞ്ഞു. ഇതില്‍ നാലെണ്ണത്തിന് ഉല്‍പാദനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആറ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചതിന് 17 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here