പശുവിനെ കൊല്ലുന്നവന്‍ നരകത്തില്‍ പോകും, അലഹബാദ് ഹൈക്കോടതി

പശുവിനെ സംരക്ഷിത ദേശീയ മൃഗമായി കേന്ദ്രം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നും ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഗോവധം നിരോധിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

‘നമ്മള്‍ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ്. ഇവിടെ ഹിന്ദു മത വിശ്വാസപ്രകാരം പശു ദൈവികതയുടെയും പ്രകൃതിദത്തമായ എല്ലാം നന്മകളുടെയും പ്രതിനിധിയാണ്. ആയതിനാല്‍ പശുവിനെ സംരക്ഷിക്കേണ്ടതും ആദരിക്കേണ്ടതുമുണ്ട്,’ കോടതി പറഞ്ഞു.

പശുവിന്റെ കാലുകള്‍ നാല് വേദങ്ങളെയാണ് സൂചിപ്പിക്കുന്നത്. പാല്‍ നാല് പുരുഷാര്‍ത്ഥങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നും കോടതി പറഞ്ഞു. പശുവിന്റെ കൊമ്പുകള്‍ ദേവന്മാരെയും, മുഖം സൂര്യനെയും ചന്ദ്രനെയും, തോളുകള്‍ ‘അഗ്‌നി’ (അഗ്‌നിദേവന്‍)യെയും പ്രതീകപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷമീം അഹമ്മദായിരുന്നു വിധി പ്രസ്താവത്തിനിടെ പശുവിനെ കുറിച്ച് വാചാലനായത്. ഹിന്ദുമത വിശ്വാസപ്രകാരം പശു ദൈവികതയുടെ പ്രതീകമാണെന്നാണ് വിശ്വാസമെന്നും അതിനാല്‍ പശുവിനെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പശുവിനെ കൊല്ലുന്നവനും കൊല്ലാന്‍ അനുമതി നല്‍കുന്നവനും ശരീരത്തില്‍ മുടിനാരുകള്‍ ഉള്ളിടത്തോളം കാലം നരകത്തില്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കോടതി പറയുന്നുണ്ട്.

അതേസമയം, പശുവിനെ സംരക്ഷിത ദേശീയ മൃഗമായി പ്രഖ്യാപിപ്പിക്കണമെന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആവശ്യം സജീവമാകുന്നതിനിടെയാണ് കോടതിയുടെ ഇത്തരം പരാമര്‍ശം. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് 2021-ല്‍ അലഹബാദ് ഹൈക്കോടതി പറഞ്ഞതും വാര്‍ത്തയായിരുന്നു. പശു സംരക്ഷണം മൗലികാവകാശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

എന്നാല്‍ ഈ ഹർജികൾ സുപ്രീം കോടതി തള്ളുകയായിരുന്നു. ഏത് വകുപ്പിന് കീഴിലാണ് ഇത്തരം കാര്യങ്ങള്‍ കൊണ്ടുവരേണ്ടതെന്നും ഇതാണോ കോടതിയുടെ പണിയെന്നുമായിരുന്നു ഹർജി തള്ളിക്കൊണ്ട് ബെഞ്ച് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration