മനീഷ് സിസോദിയയുടെ അറസ്റ്റ്, പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യരാജ്യമാണെന്ന് താങ്കള്‍ അംഗീകരിക്കുന്നുവെന്ന കരുതട്ടെയെന്ന ആമുഖത്തോടെയാണ് പ്രതിപക്ഷ നേതാക്കളുടെ കത്ത് ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ നഗ്നമായി ദുരുപയോഗിക്കുകയാണ്. ഇത് രാജ്യം ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് മാറുന്നുവെന്നാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഏറെക്കാലത്തെ വേട്ടയാടലിന് ശേഷമാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ആരോപിക്കപ്പെടുന്ന കുറ്റത്തില്‍ പങ്കാളിയായതിന്റെ തെളിവുകള്‍ പോലും ബോധ്യപ്പെടുത്താതെയായിരുന്നു സിസോദിയയുടെ അറസ്റ്റ്. സിസോദിയക്കെതിരായി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണ്. ഡല്‍ഹിയിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ മാറ്റിതീര്‍ത്ത സിസോദിയയുടെ പ്രവര്‍ത്തനം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. സിസോദിയയുടെ അറസ്റ്റ് വേട്ടയാടലിന്റെ ഉദാഹരണമാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ബിജെപിയുടെ സോച്ഛാധിപത്യ ഭരണകാലത്ത് ഭീഷണി നേരിടുന്നു എന്ന നിലയിലാണ് ലോകം ഇതിനെ കാണുന്നതെന്നും ബിജെപി നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം സാവധാനമാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തുവെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശര്‍മ്മയ്‌ക്കെതിരായ ശാരദാ ചിട്ടിഫണ്ട് കേസ് ഉദാഹരണമായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഹിമന്ദ ബിശാസ് ശര്‍മ്മക്കെതിരെയുണ്ടായിരുന്ന അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേഗം കുറച്ചു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന സുവേന്ദു അധികാരിയും മുകുള്‍ റോയിയും ബിജെപിയില്‍ ചേര്‍ന്നതോടെ ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ അവര്‍ ഇഡി, സിബിഐ സ്‌കാനറില്‍ നിന്ന് പുറത്തായതും അവര്‍ക്കെതിരായ അന്വേഷണം മരവിച്ചതും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ നാരയണ്‍ റാണയുടെ വിഷയവും കത്തില്‍ പറയുന്നുണ്ട്.

ബിആര്‍എസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, എന്‍സിപി , നാഷണല്‍ കോണ്‍ഫറന്‍സ്, ഉദ്ദവ് വിഭാഗം ശിവസേന, സമാജ് വാദി പാര്‍ട്ടി നേതാക്കളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതേസമയം, കോണ്‍ഗ്രസും ജെഡിയുവും പ്രധാനമന്ത്രിക്കുള്ള കത്തില്‍ ഒപ്പ് വെച്ചില്ല. കത്തില്‍ ഒപ്പ് വെച്ചതില്‍ നാല് മുഖ്യമന്ത്രിമാരും ഒരു ഉപമുഖ്യമന്ത്രിയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News