ആറ്റുകാൽ പൊങ്കാല: ചുടുകല്ല് ലൈഫ് പദ്ധതിക്ക്, മേയർ ആര്യാ രാജേന്ദ്രൻ

ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ശുചീകരണ പ്രവർത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. കെ എസ് ഇ ബിയുടെ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും അനുവദിച്ചുവെന്ന് മേയർ വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിൽ എത്തുന്ന എല്ലാവരും നമ്മുടെ അതിഥികളാണ് അവരുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് മേയർ അറിയിച്ചു. പൊങ്കാലയിടുന്നവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനുമായി ചേർന്ന് ഇതിനുവേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.

അന്നദാനം നടത്താൻ ഉദ്ദേശിക്കുന്നവർ നഗരസഭയിലെ ആപ്പ് വഴി രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ നടത്താതെ ഭക്ഷണം വിതരണം ചെയ്യരുതെന്ന് നിർദേശമുണ്ട്. ഇതുവരെ 201 പേരാണ് ഇതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കിയായിരിക്കും അന്നദാനം നടക്കുക. അലങ്കാരത്തിന് പ്രകൃതി സൗഹാർദ വസ്തുക്കളാണ് നിർമ്മിക്കുന്നതെന്ന് മേയർ കൂട്ടിച്ചേർത്തു.

പൊങ്കാലയ്‌ക്കെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും നൽകുക എന്നതാണ് പ്രധാനം. നഗരത്തിലെ എല്ലാ കടകളും സ്ത്രീകളുടെ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാൻ കൂടി സൗകര്യമൊരുക്കാൻ വ്യാപാര വ്യവസായി സമിതിയുമായി ചർച്ച നടത്തി. ഭക്ഷണ കുടിവെള്ള വിതരണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സ്ക്വാഡുകളെ രൂപീകരിച്ചിട്ടുണ്ട്. ശുചീകരണത്തിനായി 2200 തൊഴിലാളികളെയും 130 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

പൊങ്കാല ഇട്ടതിന് ശേഷം ഉള്ള മാലിന്യങ്ങൾ അന്ന് രാത്രി തന്നെ നീക്കം ചെയ്യും. നഗരസഭ സംവിധാനത്തിന് പുറമെ വിവിധ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കും. പൊങ്കാലയ്ക്ക് വരുന്നവർ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. അടുപ്പുകൾ തമ്മിൽ അകലം പാലിക്കണം. താപനില കൂടുതലായതിനാൽ കുട്ടികളും പ്രായമായവരും കൂടുതൽ ശ്രദ്ധിക്കണം.

പൊങ്കാല കല്ലുകൾ പൊങ്കാല ഇട്ട സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കുക. കല്ലുകൾ ഭവന പദ്ധതിക്കായി പിന്നീട് ഉപയോഗിക്കും. ഭക്ഷ്യ വകുപ്പിന്റെ കൂടുതൽ പരിശോധനകൾ തുടരും. കുടിവെള്ള വിതരണത്തിന് നഗരസഭയുടെ 25 വാഹനങ്ങൾ ഉണ്ടാകും. നഗരസഭ പ്രാദേശികമായി പിരിവുകൾ നടത്തുന്നതായി തെറ്റായ വാർത്തകൾ വരുന്നുണ്ട്. അത് ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. പൊങ്കാലയ്ക്കായി എത്തിച്ച മൺപാത്രങ്ങളിൽ റെഡ് ഓക്സൈഡ് കലർന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 11 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ പ്രാഥമികമായി കുഴപ്പങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മേയർ കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News