കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലയിൽ നാളെ നടത്തുന്ന സമരത്തിന് കെജിഎംഒയും പിന്തുണ പ്രഖ്യാപിച്ചു. സ്ഥാപനങ്ങളിലെ ഡോക്ടർമാർ അവധിയെടുത്തു കൊണ്ട് സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കും.

എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തിയറ്റർ എന്നിവയുടെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നതാണ്. കൂടാതെ സംസ്ഥാനമൊട്ടൊകെ നാളെ (മാർച്ച് 6 ) പ്രതിഷേധ ദിനമായി ആചരിക്കുകയും എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ സി.ടി സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച്, അക്രമാസക്തരായ ബന്ധുക്കൾ, സീനിയർ കാർഡിയോളജിസ്റ്റ് ആയ ഡോ.പി.കെ അശോകനെ ക്രൂരമായി മർദ്ദിക്കുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു.

ഡോക്ടര്‍ക്ക് നേരെ നടന്ന അതിക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം മർദ്ദനങ്ങൾക്ക് വിധേയമായി ചികിത്സ തുടരാൻ ആകില്ല എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ ജോസഫ് ബനവൻ എന്നിവർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News