ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മരം പൊട്ടിവീണ് പരുക്കേറ്റ് മരിച്ച സൈനികന്‍ ദിപുരാജിന് നാടിന്റെ യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കാസര്‍ക്കോട് ചീമേനിയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സൈനിക ക്യാമ്പില്‍ നിന്നും രാവിലെയാണ് മൃതദേഹം ജന്മനാടായ ചീമേനിയിലെത്തിച്ചത്.
ചന്ദ്രവയല്‍ അഴീക്കോടന്‍ ക്ലബിലും പള്ളിപ്പാറ ശിശുമന്ദിരത്തിലും പൊതുദര്‍ശനത്തിന് വെച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യയും മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ള ബന്ധുക്കള്‍ വികാരനിര്‍ഭരമായ യാത്രാമൊഴിയേകി. തുടര്‍ന്ന്, കേണല്‍ നവീന്‍ ബെഞ്ചിത്തിന്റെ നേതൃത്വത്തില്‍ സൈന്യത്തിന്റെ അന്തിമോപചാരം നടന്നു.
സഹോദരിയുടെ മകന്‍ ദിപുരാജിന്റെ ചിതയ്ക്ക് തീ കൊളുത്തി. പൊതുദര്‍ശന സ്ഥലങ്ങളിലും വീട്ടിലുമായി ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. കോഴിക്കോട് വെസ്റ്റ്ഹില്‍ 122 ഇന്‍ഫന്ററി ബറ്റാലിയന്‍ T A മദ്രാസ് റെജ്മെന്റില്‍ ലാന്‍സ് നായികാണ് ദിപുരാജ്. വെള്ളിയാഴ്ച വൈകിട്ട് താമസസ്ഥലത്ത് നിന്ന് ബൈക്കില്‍ ഡ്യൂട്ടിക്ക് വരുന്നതിനിടെ വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ്ഹൗസിന് സമീപത്ത് വെച്ചാണ് ഉണങ്ങിയ മരം ദിപുരാജിന്റെ ദേഹത്ത് വീണ് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന്, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദിപുരാജ് മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here