അനീതിക്കെതിരെ പോരാടാന്‍ ‘ഇന്‍സാഫ്’ എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്ന രാജ്യസഭാ എംപിയും മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസകളറിയിച്ചത്.
നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന അനീതികളെ ചെറുക്കുന്നതിനും സമത്വപൂര്‍ണമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനും കൂട്ടായ ജനാധിപത്യ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്ന സംരംഭങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഈ പോരാട്ടത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന കപില്‍ സിബല്‍ ജിയുടെ ഉദ്യമത്തിന് ആശംസകള്‍, മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എട്ട് സംസ്ഥാന സര്‍ക്കാരുകളെ 2014ന് ശേഷം ആസൂത്രിതമായി അട്ടിമറിച്ചതായി കപില്‍ സിബല്‍ പറഞ്ഞിരുന്നു. സ്ഥാനമാനങ്ങള്‍ക്കായുള്ള കൂറുമാറ്റത്തിന് കടിഞ്ഞാണിടാനുള്ള ഭരണഘടനയുടെ 10-ാം ഷെഡ്യൂള്‍ ഇപ്പോള്‍ കൂറുമാറ്റക്കാര്‍ക്ക് പറുദീസയായി മാറി. അനീതിക്കെതിരെ അഭിഭാഷകരെ മുന്നില്‍ നിര്‍ത്തി പോരാടുകയെന്ന ലക്ഷ്യത്തോടെ ‘ഇന്‍സാഫ്’ എന്ന പുതിയ വേദി രൂപീകരിക്കുമെന്നായിരുന്നു കപില്‍ സിബലിന്റെ പ്രഖ്യാപനം.
‘ഇന്‍സാഫ് കി സിപാഹി എന്ന പേരില്‍ ഞങ്ങള്‍ ഒരു പുതിയ പ്ലാറ്റ്‌ഫോം തുടങ്ങുകയാണ്. ഇതില്‍ എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രാജ്യം മുഴുവന്‍ വ്യാപിക്കുന്ന പ്ലാറ്റ്‌ഫോം ആയിരിക്കും ഇത്. പ്ലാറ്റ്‌ഫോമിന്റെ മുന്‍നിരയില്‍ അഭിഭാഷകരും ഉണ്ടായിരിക്കും. ഇന്ത്യയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് തരുന്ന പ്ലാറ്റ്‌ഫോമാണിത്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ വിമര്‍ശിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അദ്ദേഹത്തെ നവീകരിക്കുകയാണ്,’ കപില്‍ സിബല്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.
പൗരന്‍മാര്‍, സ്ഥാപനങ്ങള്‍, പ്രതിപക്ഷം, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, ചെറിയ ബിസിനസുകാര്‍ തുടങ്ങിയവരെല്ലാം അനീതിക്കിരകളാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here