ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പൂര്‍ണമായും അണച്ചു. നാല് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അതേസമയം, പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെയും വിവിധ പഞ്ചായത്ത് നഗരസഭാ പരിധിയിലെയും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച തുടങ്ങിയ തീപിടിത്തം ഞായറാഴ്ച ഉച്ചയോടെ തന്നെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നു. വൈകിട്ടോടെ തീ പൂര്‍ണമായും അണച്ചു. എന്നാല്‍, പുക ഉയരുന്നതാണ് പ്രശ്നം. കഴിഞ്ഞ രണ്ടു ദിവസമായി നഗരത്തിലേയ്ക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന പുക നിയന്ത്രണവിധേയമാക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അഗ്നിശമനസേനാ വിഭാഗം.
നേവിയുടെയും ബിപിസിഎല്ലിന്റെയും ഉള്‍പ്പെടെ 24 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് ബ്രഹ്‌മപുരത്ത് ക്യാമ്പ് ചെയ്യുന്നത്. അതേസമയം, മാലിന്യ സംസ്‌ക്കരണത്തിന് താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന മന്ത്രിതല അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഭാവിയില്‍ തീപിടിത്തമുണ്ടായാല്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഏകോപന സമിതിയും രൂപീകരിച്ചിട്ടുണ്ട്. പുക മൂലം നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രികളില്‍ പ്രത്യേക ക്രമീകരണങ്ങളും ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടവുകോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെയും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് എന്നീ നഗരസഭകളിലെയും കൊച്ചി കോര്‍പ്പറേഷനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, കിന്റര്‍ ഗാര്‍ട്ടന്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here