ഇന്ന് സ്റ്റാലിൻറെ എഴുപതാം ചരമദിനം

ഇന്ന് മഹാനായ സ്റ്റാലിൻറെ എഴുപതാം ചരമദിനം. ഫാസിസത്തിന്റെ കൈപ്പിടിയിൽ അമരാതെ ലോകം ബാക്കിയായി തുടരുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവാണ് സ്റ്റാലിൻ. കളവുകളുടെ കൂന കൊണ്ട് സത്യത്തെ പൊതിഞ്ഞു നിർത്താൻ സാമ്രാജ്യത്വം ശ്രമിക്കുമ്പോഴും മനുഷ്യവർഗ്ഗം ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുക തന്നെ ചെയ്യും.

നാസികളുടെ കയ്യിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ സോഷ്യലിസം സൃഷ്ടിച്ചെടുത്ത കരുത്തായിരുന്നു ലോകത്തിൻറെ ആയുധം. ഹിറ്റ്ലർക്ക് മുന്നിൽ പകച്ചുനിന്ന അമേരിക്കയും ഫ്രാൻസും ബ്രിട്ടനുമെല്ലാം ജയിക്കാൻ റഷ്യക്കൊപ്പം നിന്നു. ബെർലിനിൽ ഫാസിസത്തിന്റെ പാർലമെൻറ് മന്ദിരത്തിന് മുകളിൽ സ്റ്റാലിന്റെ ചെമ്പട ചുവപ്പ് കൊടി കെട്ടിയപ്പോൾ അതിൻറെ തണലിൽ ലോകം മുന്നോട്ട് നടന്നു.

കഴിക്കാൻ ഒരു റൊട്ടിയില്ലാത്ത കാലത്ത് തങ്ങളെ രക്ഷിച്ച സ്റ്റാലിന്റെ ചിത്രമുള്ള കലണ്ടറുകൾ വിൽക്കുന്ന മനുഷ്യരെ സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്കിപ്പുറവും നിറഞ്ഞൊഴുകുന്ന കണ്ണീരോടെ മോസ്കോയുടെ തെരുവുകളിൽ കാണാം. ജോസഫ് ജുഗാഷ് വിലി വിസാരിയോനോവിച്ച് എന്ന മനുഷ്യനെ ജനങ്ങൾ സ്നേഹത്തോടെ ഉരുക്കുമനുഷ്യൻ എന്നർത്ഥമുള്ള പേരാണ് എന്നും വിളിച്ചത്.

ലോക കമ്മ്യൂണിസത്തിന് സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് റഷ്യ നൽകിയ ആവേശം ചെറുതായിരുന്നില്ല. ചുവപ്പ് പടരുന്നത് സാമ്രാജ്യത്വത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ക്രൂരനെന്നും കൊലപാതകിയെന്നും വലതുപക്ഷം വിമർശനം എഴുതി. വേണ്ടവരെ വിലയ്ക്കെടുത്ത് നുണക്ക് ഔദ്യോഗിക ചിത്രം നൽകി.

എൻറെ ശവകുടീരത്തിന് മേൽ നുണകളുടെ ഒരു കൂമ്പാരം തന്നെ കുമിഞ്ഞു കൂടുമെന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്റ്റാലിൻ മൊളോട്ടോവിനോട് പറഞ്ഞുവച്ചിരുന്നു. ഭൂമിയുള്ള കാലത്തോളം കടപ്പെട്ടിരിക്കുന്ന ഈ മഹാത്മാവിനോട് അല്പമായ ഈ നുണപറച്ചിലിന്റെ കാലത്തും മനുഷ്യവർഗ്ഗം നന്ദി പറയുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News