മലയാളത്തിന്റെ മണിക്കിലുക്കം നിലച്ചിട്ട് ഇന്ന് ഏഴ് വര്‍ഷം

മലയാളത്തിന്റെ മണിക്കിലുക്കം നിലച്ചിട്ട് ഇന്നേക്ക് ഏഴ് വര്‍ഷങ്ങള്‍. നടനായും ഗായകനായും തിളങ്ങിയ കലാഭവന്‍ മണി, മലയാളി മനസ്സില്‍ മണിക്കൂടാരം പണിഞ്ഞാണ് മടങ്ങിയത്. കലാകാരനൊപ്പം മണിയെന്ന മനുഷ്യന്റെ വിയോഗം ഇന്നും ഒരു വേദനയാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായി, ഇല്ലായ്മകളോട് പോരാടിയ അതുല്യ പ്രതിഭ. തനതായ അഭിനയം കൊണ്ടും സംഭാഷണം കൊണ്ടും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി. ആ പേര് പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയന്‍ ചിത്രമായിരിക്കും.

അന്ധനായ പാട്ടും പാടി നടക്കുന്ന രാമു, മലയാളി മനസ്സിൽ ഒരുപാട് നൊമ്പരമുയര്‍ത്തി. അന്ധനായി തന്നെ ചെമ്പന്‍ എന്ന കഥാപാത്രത്തിലൂടെ അനന്തഭദ്രത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു. മലയാള സിനിമ കണ്ട ഏറ്റവും മികച്ച വില്ലന്‍ വേഷങ്ങളിലും ഈ പ്രതിഭയുണ്ട്. നടേശന്റെ ചിരിയിലും മുഖത്തും വിരിഞ്ഞ ക്രൂരത ഛോട്ടാ മുംബൈ എന്ന സിനിമ കണ്ട ആരും മറന്നു കാണാനിടയില്ല. അന്നുവരെ തമിഴ് സിനിമയ്ക്ക് കണ്ട് ശീലമില്ലാത്ത ഒരു വില്ലനായാണ് ജെമിനി സിനിമയില്‍ മണി എത്തിയത്. അങ്ങനെ കലാഭവന്‍ മണി അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍. നാടന്‍പാട്ടുകള്‍ പ്രചാരത്തിലാക്കിയതില്‍ മണി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. സിനിമാ പാട്ടുകളില്‍ നിന്ന് മലയാളികളുടെ ഇഷ്ടം നാടന്‍പാട്ടുകളിലേക്ക് അയാള്‍ പറിച്ചു നട്ടു.

വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവന്‍മണിയെന്ന ചാലക്കുടിക്കാരന്റെ കാല്‍ മണ്ണില്‍ തന്നെയായിരുന്നു.ചാലക്കുടി ടൗണില്‍ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി കലാഭവന്‍ മണിയെന്ന മിന്നും നക്ഷത്രമായത് കഠിന പ്രയത്‌നം ഒന്നുകൊണ്ട് മാത്രമാണ്. ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം.കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്.സ്‌കുള്‍ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു.

പഠനവൈകല്യത്തെത്തുടര്‍ന്ന് പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും പിന്നീട് ഓട്ടോഡ്രൈവറായും അദ്ദേഹം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. 1995-ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി വെള്ളിത്തിരയിലേക്കെത്തുന്നത്.

1999ല്‍ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് മണിയെ അര്‍ഹനാക്കിയത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയമാണ്. രാമു എന്ന അന്ധ കഥാപാത്രത്തെ ഏച്ചുകെട്ടില്ലാത്ത അഭിനയത്തിലൂടെ മണി മനോഹരമാക്കി. കരിമാടിക്കുട്ടന്‍, കന്മഷി, വാല്‍ക്കണ്ണാടി തുടങ്ങി മലയാളിയുടെ മനസ്സില്‍ ഒളിമങ്ങാത്ത നിരവധി നായക കഥാപാത്രങ്ങള്‍ക്കും മണി ജന്മം നല്‍കി.

മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മറ്റൊരു ഭാവമായിരുന്നു മണി. ഇടംകൈ ചെയ്തത് വലം കയ്യറിയാതെ നിരവധി കാരുണ്യ പ്രവര്‍ത്തികള്‍. അതുകൊണ്ട് തന്നെയാണ് മണിയുടെ അപ്രതീക്ഷിത വിയോഗമറിഞ്ഞ് കേരളമൊന്നാകെ ആ മുഖം അവസാനമായൊന്നുകാണാന്‍ അവിടെ തടിച്ചുകൂടിയതും കണ്ണീര്‍ വാര്‍ത്തതും.

ചേനുത്ത് നാട്ടിലെ മണിക്കൂടാരത്തിന്റെ തെക്കേപുറത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മണിയുടെ സ്മൃതി കൂടീരത്തില്‍ പൂഷ്പ്പാര്‍ച്ചന നടത്താന്‍ ഇപ്പോഴും നിരവധിപേര്‍ എത്താറുണ്ട്. കലാഭവന്‍ മണിയെന്ന മനുഷ്യനെ നെഞ്ചേറ്റുന്നവര്‍ക്ക് അദ്ദേഹം ഇപ്പോഴും ജീവിക്കുകയാണ് ചെയ്തു തീര്‍ത്ത കഥാപാത്രങ്ങളിലൂടെ …ബാക്കിയാക്കി പോയ കഥാപാത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയുമെത്തുമെന്ന പ്രതീക്ഷകളിലൂടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News