ആറ്റുകാല്‍ പൊങ്കാല നാളെ: പുണ്യദർശനം തേടി ഭക്തലക്ഷങ്ങൾ  

ഭക്തലക്ഷങ്ങളെ വരവേൽക്കാനൊരുങ്ങി തലസ്ഥാനനഗരി. നഗരം നാളെ കൺതുറക്കുക ആറ്റുകാൽ പൊങ്കാലയെന്ന പുണ്യകാഴ്ചയിലേക്ക്. ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാല അർപ്പിക്കാൻ എത്തുന്നതോടെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെ കൂടി തലസ്ഥാനമായി നാളെ തിരുവനന്തപുരം മാറും. പൊങ്കാലയുടെ ബന്ധപ്പെട്ട ഭാഗമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി  ക്ഷേത്ര ട്രസ്റ്റും കോര്‍പ്പറേഷനും അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 10ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. 10.30 ന് അടുപ്പുവെട്ട്. കണ്ണകീചരിത്രത്തില്‍ പാണ്ഡ്യ രാജാവിന്‍റെ വധം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞയുടന്‍ ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളില്‍ അഗ്നി പകര്‍ന്ന ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. ചെണ്ടമേളത്തിന്‍റെയും കരിമരുന്ന് പ്രയോഗത്തിന്‍റെയും അകമ്പടിയില്‍ സഹമേല്‍ശാന്തി പണ്ടാര അടുപ്പ് ജ്വലിപ്പിക്കും. തുടര്‍ന്ന് ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് ആ ദീപം പകരുന്നതോടെ അനന്തപുരി ഭക്തി സാന്ദ്രമാകും. പൊങ്കാലയടുപ്പു കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് ഭവന പദ്ധതിക്കായി കോര്‍പ്പറേഷന്‍ ശേഖരിക്കും.

മന്ത്രി വി ശിവൻകുട്ടി ക്ഷേത്രത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. പൊങ്കാലയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും പൂർത്തിയായതായും സർക്കാർ എല്ലാ മുന്നൊരുക്കങ്ങൾ  സ്വീകരിച്ചതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ക്ഷേത്രത്തിലും നഗരത്തിലുമായി 3000ത്തോളം പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷയൊരുക്കും. പൊങ്കാലയ്ക്ക് ക‍ഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതിലും കൂടുതൽ ഭക്തജനങ്ങൾ ദർശനത്തിനായി എത്തും. ഇതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
മാർച്ച് 8ന് രാത്രിയിൽ കാപ്പഴിച്ച് കുടിയിളക്കിയശേഷം പുലർച്ചെ ഒരുമണിക്ക് നടക്കുന്ന കുരുതി തർപ്പണത്തോടെയാണ് ഉത്സവം സമാപിക്കുക.

ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ശുചികരണ പ്രവർത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News