നിരീക്ഷണ ബലൂണുകളെ നേരിടുന്നതിന് പുതിയ പ്രോട്ടോക്കോള്‍ തയ്യാറാക്കി ഇന്ത്യന്‍ സൈന്യം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളില്‍ തിരിച്ചറിയാന്‍ കഴിയാത്ത ചില വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
തിരിച്ചറിയാനാവാത്ത സാഹചര്യത്തിൽ ആകാശത്തിലൂടെ നീങ്ങുന്ന വസ്തുക്കളെ കണ്ടെത്തിയാല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണം എന്നതാണ് പ്രോട്ടോക്കോളില്‍ പറയുന്നത്. വസ്തുവിനെ കണ്ടെത്തുക, അത് എന്താണെന്ന് തിരിച്ചറിയുക, സ്ഥിരീകരിക്കുക, വസ്തുവിന്റെ വിശദമായ ഫോട്ടോകള്‍, സമഗ്രമായ റിപ്പോര്‍ട്ടുകള്‍, അയുധം ഉപയോഗിച്ചുള്ള നേരിടല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ മാസം ഒരു കൂറ്റന്‍ ചൈനീസ് ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടിരുന്നു. ചാര ബലൂണായതിനാലാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. എഐഎം-9എക്സ് സൈഡ് വിന്‍ഡര്‍ മിസൈലുപയോഗിച്ചാണ് ബലൂണ്‍ തകര്‍ത്തത്.
എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങള്‍ ചൈന നിഷേധിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നതിനായി ഉപയോഗിച്ച സിവിലിയന്‍ എയര്‍ക്രാഫ്റ്റായിരുന്നു അതെന്നാണ് ചൈനയുടെ വാദം. ഈ സംഭവത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാനഡയുടെ മുകളിലൂടെ പറന്ന ഒരു വസ്തുവും അമേരിക്ക വെടിവെച്ചിട്ടു.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് മുകളില്‍ ഒരു വസ്തുവിനെ കണ്ടെത്തിയതിന് ശേഷമാണ് സൈന്യത്തിന്റെ നടപടി. വസ്തുവിനെപ്പറ്റി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം സൈന്യം നടപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ വസ്തു കടലിന് മുകളിലൂടെ നീങ്ങി പോയിരുന്നു.
“ഇത്തരമൊരു വസ്തു കണ്ടെത്തിയാലുള്ള ആദ്യ നടപടി അത് തിരിച്ചറിയുക എന്നതാണ്. അതൊരു സിവില്‍ അസറ്റാണെന്ന സാധ്യത തള്ളിക്കളയുന്നതിനുള്ള പരിശോധന നടത്തും. എയര്‍ക്രാഫ്റ്റുകളോ ഡ്രോണുകളോ ഉപയോഗിച്ചായിരിക്കും ഇത് ചെയ്യുക,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
“വസ്തു തിരിച്ചറിഞ്ഞ് സ്ഥിതീകരണം നടത്തി കഴിഞ്ഞാല്‍ അത് തകര്‍ക്കാനുള്ള നീക്കമായിരിക്കും അടുത്തത്. തകര്‍ക്കുന്നതിനായി വസ്തുവിന്റെ സ്ഥാനം കണക്കാക്കിയായിരിക്കും ആയുധം തീരുമാനിക്കുക,” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
അതിന് ശേഷം, വസ്തു കണ്ടെത്തിയ സമയം, വലുപ്പം, മറ്റ് വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here