സംസ്ഥാനത്ത് മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പി രാജീവ്. സംരംഭക വര്‍ഷം പദ്ധതി തടസപ്പെടുത്താന്‍ ഒറ്റപ്പെട്ട ശ്രമമുണ്ടായി. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധന നടത്തിയെന്നും പദ്ധതി ആകെ പ്രശ്‌നമാണെന്ന പ്രചാരം നിക്ഷേധാത്മകമാണെന്നും മന്ത്രി രാജീവ് നിയമസഭയില്‍ പറഞ്ഞു.

കണക്കുകളില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. ക്രിയാത്മക വിമര്‍ശങ്ങള്‍ സ്വാഗതം ചെയ്യും. കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ സാധ്യമാകുമെന്നും അതിന് ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ വ്യവസായ വളര്‍ച്ചാ നിരക്ക് 17.3 ശതമാനം ആയി. വ്യവസായങ്ങള്‍ക്ക് ഇനി ഉണ്ടാകുന്ന പ്രതിസന്ധി വിപണനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയേണ്ടതുണ്ട്. വിപണനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കും. ഓണ്‍ലൈന്‍ വഴി വില്‍ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിപണനത്തിനായി വലിയ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് ഒന്ന് വരെ 1,34,558 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. 8,039.27 കോടി നിക്ഷേപങ്ങളുണ്ടായി. 2,88,769 തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചു. ലക്ഷ്യമിട്ടതിനെക്കാള്‍ നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായെന്നും മന്ത്രി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here