ത്രിപുരയിലെ ബിജെപി അക്രമങ്ങള്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് സിപിഐഎം സംസ്ഥാന നേതൃത്വം കത്ത് നല്‍കി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുവാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ വിവരങ്ങളും നേതൃത്വം ചീഫ് സെക്രട്ടറിക്ക് കൈമാറി.
മാര്‍ച്ച് രണ്ടിന് ത്രിപുര ഫലം വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള അക്രമമാണ് ബിജെപി ത്രിപുരയില്‍ അഴിച്ചുവിട്ടത്. സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുകയും, പ്രവര്‍ത്തകരുടെ വീടുകള്‍ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ത്രിപുരയിലെ ബിജെപി ആക്രമങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന നേതൃത്വം ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.
അക്രമം എല്ലാ പരിധികളും ലംഘിച്ചു, അക്രമം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും നിയുക്ത എംഎല്‍എയുമായ ജിതേന്ദ്ര ചൗധരി ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായ സിപിഐഎം പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയും ചീഫ് സെക്രട്ടറിക്ക് കൈമാറി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പോയി.
സംസ്ഥാനത്ത് 668 അക്രമസംഭവങ്ങളുണ്ടായി എന്നും സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പാര്‍ട്ടി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് ബിജെപി ഏകപക്ഷീയമായി അക്രമം തുടരുകയാണെന്നും അക്രമ സംഭവങ്ങളില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും കത്തില്‍ സിപിഐഎം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here