മാധ്യമ സ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യം അല്ല: മുഖ്യമന്ത്രി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജ വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതിനാണ് ഏഷ്യാനെറ്റിനെതിരെ അന്വേഷണം നടക്കുന്നതെന്ന് മുഖ്യമന്ത്രി. മാധ്യമ സ്വാതന്ത്ര്യത്തിന് ഒരുതരത്തിലുള്ള നിയന്ത്രണവും ഉണ്ടാകില്ല. എന്നാല്‍ വ്യാജവാര്‍ത്തയ്ക്ക് അതിന്റേതായ നിയന്ത്രണം ഉണ്ട്. മാധ്യമ സ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യം അല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ ഉള്ള അവസരമായി ഏഷ്യാനെറ്റ് വിഷയത്തെ സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.

ഏഷ്യാനെറ്റ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റായി ചിത്രീകരിച്ചിട്ട് അതിന് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് നീചമായ പ്രവര്‍ത്തിയാണെന്ന് പിസി വിഷ്ണുനാഥിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്തും ആകാം എന്നാണോ എന്നും കുറ്റകൃത്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിവേഷം നല്‍കി പ്രതിപക്ഷം സംരക്ഷിക്കുന്നതായും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മാധ്യമ സ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യം അല്ല. മാധ്യമപ്രവര്‍ത്തനത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്. വ്യാജ നിര്‍മ്മിതികളെ തടയാന്‍ നിയമങ്ങളുണ്ട്. അതിനെ വെല്ലു വിളിക്കരുതെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് കൊച്ചി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എട്ടു പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റിനെതിരായ കേസ് പരസ്പരവിരുദ്ധമാണ്. വ്യാജ വാര്‍ത്ത ആണെങ്കില്‍ എങ്ങനെ പോക്‌സോ നിയമം ചുമത്തും. കിട്ടുന്ന അവസരം വേട്ടയാടാന്‍ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ ചിത്രം പോലും ദൃശ്യങ്ങളില്‍ വ്യക്തമല്ല. അതുകൊണ്ട് വ്യാജവാര്‍ത്ത എന്നത് ശരിയല്ല. പക്ഷേ വീഡിയോ യഥാര്‍ത്ഥമല്ല എന്ന് കൊടുക്കാമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.  ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News