കുടിയേറ്റ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന കള്ള പ്രചാരണം: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ കേസ്

ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനം നടത്തിയെന്നതിന്‍റെ പേരിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗം ബിജെപി അധ്യക്ഷനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 എ(1)(എ), 505(1)(ബി), 505(1)(സി) എന്നീ വകുപ്പുകൾ പ്രകാരമാണ് ബിജെപി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

കേസെടുത്തതിന് പിന്നാലെ ഡിഎംകെ സര്‍ക്കാരിനെതിരെ അണ്ണാമലൈ രംഗത്തെത്തി. ‘നിങ്ങള്‍ക്ക് ഞാന്‍ 24 മണിക്കൂര്‍ സമയം തരാം. തമിഴ്നാട് പൊലീസിന് എന്നെ തൊടാൻ ധൈര്യമുണ്ടോ, വ്യാജ കേസുകള്‍ കെട്ടിച്ചമച്ച് ജനാധിപത്യത്തെ അടിച്ചമര്‍ത്താം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ’ എന്ന് അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം,  തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തിൽ നാല് പേർക്കെതിരെ  നേരത്തെ കേസെടുത്തിരുന്നു.  വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി.

മാധ്യമപ്രവർത്തകർ ഉൾപ്പെടെ നാലു പേർക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്തത്. ദൈനിക് ഭാസ്കർ എഡിറ്റർ, മാധ്യമപ്രവർത്തകനായ മുഹമ്മദ് തൻവീർ, ഉത്തർപ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ സുഗം ശുക്ല എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News