ഏഷ്യാനെറ്റ് ന്യൂസിനെതിരെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുന്നത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുന്നതെങ്ങനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചോദിച്ചു. പി.സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ 2022 നവംബര്‍ മാസം പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയാലാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു വീഡിയോ സംപ്രേഷണം ചെയ്യുകയുണ്ടായി. 2022 ആഗസ്റ്റ് മാസം മൈനറായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രസ്തുത കേസിന് ആസ്പദമായ വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനര്‍സൃഷ്ടിച്ച് സംപ്രേക്ഷണം ചെയ്തുവെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇതു സംബന്ധിച്ച് എംഎല്‍എ പി.വി അന്‍വര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നം. 101/2023 ആയി ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

മേല്‍ച്ചേര്‍ത്ത കേസിന് ആസ്പദമായ വീഡിയോ നിര്‍മ്മാണത്തെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അതിന് ദുരുപയോഗിച്ചുവെന്നും മറ്റുമുള്ള സംഭവത്തിനെതിരായി സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധം ഉയര്‍ന്നുവരികയുണ്ടായി. എറണാകുളം ജില്ലയില്‍ പ്രസ്തുത ചാനലിന്റെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒരു പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

ഓഫീസിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി, ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന സ്ഥാപനത്തിന്റെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരം ക്രൈം നം. 454/2023 ആയി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എട്ടു പ്രതികളെ അറസ്റ്റുചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം നടന്നുവരികയാണ്.

രണ്ടാം മറുപടി

മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയമേ ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ല.

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍പ്പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്നു പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ല. ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം പേരും.

ഇവിടെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുകയൊന്നും വേണ്ട. അതിന് ഇതുമായി ഒരു താരതമ്യവുമില്ല. ബിബിസിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിര്‍മ്മാണമോ? അത് ഏതെങ്കിലും സര്‍ക്കാരിനോ ഭരണാധികാരിക്കോ എതിരെയുള്ള തുറന്നു കാട്ടലല്ല. അതുകൊണ്ടുതന്നെ അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഇവിടെ പ്രതികാര നടപടി എന്നോ വൈരനിര്യാതന നടപടി എന്നോ ഒന്നും പറഞ്ഞാല്‍ വിലപ്പോവില്ല. ആ വ്യാജവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഒരുവിധ പ്രകോപനവും ഉണ്ടാക്കുന്നില്ല.

ഒരു വ്യക്തി ഒരു സംഭവത്തിന്റെ കാര്യത്തില്‍ പരാതിയുമായി വരുന്നു. അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അങ്ങനെ ഒരു പരാതി വന്നാല്‍ പൊലീസ് എന്തു ചെയ്യണം? ഇത് മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടണോ? അതാണോ നിയമവ്യവസ്ഥ? പ്രതിപക്ഷമായിരുന്നു ഗവണ്‍മെന്റിലെങ്കില്‍ അതാണോ ചെയ്യുക?

സര്‍ക്കാരിനെതിരായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ട്. അത് ഇവിടെയല്ല. ദ വയര്‍, ന്യൂസ് ചെക്ക് എന്നിവയ്ക്കെതിരെ. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനുമുമ്പുളള എന്‍ഡിടിവിക്കെതിരെ. ആ നടപടികള്‍ ഒന്നും വാര്‍ത്തേതര കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല. സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്തതിനായിരുന്നു. അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ല.

കുറ്റകൃത്യം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ നടപടി വേണ്ട എന്നു പറയുന്നതല്ല നമ്മുടെ ഐപിസിയും സിആര്‍പിസിയും. മാധ്യമ പ്രവര്‍ത്തകര്‍ എന്നും അല്ലാത്തവര്‍ എന്നും പൗരജനങ്ങളെ ഭരണഘടന രണ്ടായി വേര്‍തിരിച്ച് കാണുന്നുമില്ല.

സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാവും. ഈ സര്‍ക്കാരിനെതിരെ എന്തെല്ലാം വിമര്‍ശനങ്ങള്‍ എഴുതി? എന്തെല്ലാം വിളിച്ചു പറഞ്ഞു? വല്ല നടപടിയും ഉണ്ടായോ? പകപോക്കലുണ്ടായോ? ഇല്ല. പക്ഷെ, അതുപോലല്ല ഈ പ്രമേയത്തിന് അടിസ്ഥാനമായ കുറ്റകൃത്യം. ഈശ്വരന്‍ തെറ്റു ചെയ്താല്‍ അതും താന്‍ റിപ്പോര്‍ട്ട് ചെയ്യും എന്നാണു സ്വദേശാഭിമാനി പറഞ്ഞത്. വ്യാജറിപ്പോര്‍ട്ടുകള്‍ നല്‍കുന്നവര്‍ക്ക് ആ പേര് ഉച്ചരിക്കാന്‍ പോലും അവകാശമില്ല. പെണ്‍കുട്ടികളെ ദുരുപയോഗിച്ച് വ്യാജം സൃഷ്ടിക്കുന്നവര്‍ ഉണ്ടാവുമെന്ന് സ്വപ്നത്തില്‍പോലും സ്വദേശാഭിമാനി കരുതിയിട്ടുണ്ടാവില്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നിയമത്തിന്റെ അതിരുലംഘിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും നടപടിയുണ്ടാവും.

അക്രമം ഉണ്ടായിട്ടില്ലെന്നും സമാധാനപരമായ പ്രതിഷേധ പ്രകടനമേ ഉണ്ടായിട്ടുള്ളു എന്നുമാണ് വ്യാജ വീഡിയോ നിര്‍മിച്ചതായ പരാതി നേരിടുന്ന ചാനലിലെ വിഷ്വലില്‍ നിന്നുപോലും വ്യക്തമാവുന്നത്. അതേസമയം, പരാതിക്കുമേല്‍ നടപടി ഉണ്ടായിട്ടുമുണ്ട്.

മാധ്യമ സ്വാതന്ത്ര്യമെന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്യമല്ല, മറിച്ച് വായനക്കാരന്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ്. അത് സര്‍ക്കാര്‍ പരിരക്ഷിക്കും. മാധ്യമ സ്വാതന്ത്ര്യത്തില്‍ നിന്നു ധാര്‍മികത ചോര്‍ത്തിക്കളയുന്നതിനെതിരെയാണ് സ്വാഭാവികമായും ഉല്‍ക്കണ്ഠ പ്രകടിപ്പിക്കേണ്ടത്.

എതിരഭിപ്രായങ്ങള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രീതിയാണ്. അടിയന്തരാവസ്ഥയില്‍ നടന്ന സെന്‍സര്‍ഷിപ്പും കുല്‍ദീപ് നയ്യാരെപ്പോലുള്ളവരുടെ അറസ്റ്റും മറക്കാനാവില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ആ വാര്‍ത്ത പുറത്തുവരുന്നത് തടയാന്‍ മാധ്യമങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ചതും മറക്കാനാവില്ല. ഏഴു വിദേശ റിപ്പോര്‍ട്ടര്‍മാരെ രാജ്യത്തിന് പുറത്താക്കി. 250 പത്രപ്രവര്‍ത്തകരെ ജയിലിലടച്ചു. 54 പേര്‍ക്ക് അക്രഡിറ്റേഷന്‍ നിഷേധിച്ചു. ഇത് കോണ്‍ഗ്രസ് രീതി. ഭീകരവിരുദ്ധ രീതികള്‍ വരെ പത്രക്കാര്‍ക്കെതിരെ പ്രയോഗിച്ചു. അതൊക്കെ നിങ്ങളുടെ, കോണ്‍ഗ്രസിന്റെ രീതി.

പത്രസ്ഥാനപങ്ങളില്‍ റെയ്ഡ് നടത്തുന്നതും പത്രക്കാരെ ജയിലിലടക്കുന്നതും പത്രമാരണ നിയമങ്ങള്‍ ഉണ്ടാക്കുന്നതും പത്രങ്ങളെ തങ്ങളുടെ ചങ്ങാത്ത മുതലാളിത്ത കോര്‍പ്പറേറ്റുകളെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതും പത്രങ്ങള്‍ക്ക് ന്യൂസ്പ്രിന്റ് ക്വാട്ട വെട്ടിക്കുറക്കുന്നതും പരസ്യങ്ങള്‍ നിഷേധിക്കുന്നതും നിങ്ങള്‍ ഇരുകൂട്ടരുടെയും രീതി. വാര്‍ത്താ ഏജന്‍സികളെ സമാഹരിച്ച് സംഘപരിവാറിന്റെ കീഴിലാക്കുന്നതും പത്രസ്ഥാപനങ്ങള്‍ വരെ പൂട്ടിക്കുന്നതും ഒക്കെ നിങ്ങളുടെ രീതി. ഇതൊന്നും ഞങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കേണ്ട. ഞങ്ങളെന്നും, എപ്പോഴും, നാളെയും മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിട്ടുണ്ട്. ഇനി പോരാടുകയും ചെയ്യും.

ദേശാഭിമാനി റിപ്പോര്‍ട്ടറെ പ്രതിപക്ഷ പത്രസമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ടിട്ട് ഇവിടെ പ്രതിഷേധമൊന്നും കണ്ടില്ല. എവിടെയോ ചില ഇരട്ടത്താപ്പുകള്‍ ഉണ്ട്.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് വന്ന് ചില പ്രത്യേക മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെ കണ്ടു. അതുമുതല്‍ ഇവിടെ ഇടതുപക്ഷ വേട്ട ചില മാധ്യമസ്ഥാപനങ്ങള്‍ ശക്തമാക്കി. മുന്‍പ് ഗുജറാത്തില്‍ കണ്ടതുപോലെയുള്ള വ്യാജവാര്‍ത്തകളുടെ നിര്‍മ്മിതിയും പ്രചാരണവും. അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ഇപ്പോള്‍ ഈ നോട്ടീസിന് ആധാരമായ പ്രശ്നവും ഗവണ്‍മെന്റിനെ ബാധിക്കുന്നതല്ല. ഒരു കുറ്റകൃത്യം നടന്നു. നിയമം അതിന്റെ വഴിയേ പോകുന്നു, കുറ്റകൃത്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിവേഷം അണിയിച്ച് ന്യായീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്കു സത്യമറിയാം. നിയമം നിയമത്തിന്റെ വഴിക്കേ പോകൂ.

വ്യാജ വാര്‍ത്തകളുടെ ഈ കാലത്ത് ഇരയാക്കപ്പെടുന്നത് സത്യമാണെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. വ്യാജവാര്‍ത്തകള്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒരു കാലമാണിത്. സര്‍ക്കാരിനെതിരെ നിരന്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇവിടെയുണ്ട്. ഇതിലൊന്നും ഞങ്ങള്‍ ഭയചകിതരായിട്ടില്ല. എത്ര തന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചാലും ഞങ്ങളെ ക്കുറിച്ച് ജനങ്ങള്‍ തെറ്റായി ചിന്തിക്കില്ല എന്ന നല്ല ബോധ്യവും ഞങ്ങള്‍ക്കുണ്ട്.

മയക്കുമരുന്നിനെതിരെ നാടൊന്നാകെ പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഘട്ടമാണിത്. അതില്‍ മാധ്യമങ്ങളും ബഹുജന പ്രസ്ഥാനങ്ങളും ജനങ്ങളൊന്നാകെയും പങ്കാളികളാകുന്നു. ആ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് മയക്കുമരുന്ന് വ്യാപനത്തിനെതിരായ വാര്‍ത്താ പരമ്പര സംപ്രേഷണം ചെയ്യുന്നതില്‍ നമ്മുക്കെല്ലാവര്‍ക്കും സന്തോഷമേയുള്ളു. അത്തരമൊരു പരമ്പരയില്‍, വ്യാജ ദൃശ്യങ്ങള്‍ ഉള്‍ച്ചേര്‍ത്തു, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തെറ്റായി ചിത്രീകരിച്ചു, അതിനായി ഗൂഢാലോചന നടത്തി എന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. സ്വന്തം ഓഫീസിലെ ജീവനക്കാരിയുടെ മകളെ ക്യാമറക്ക് മുന്നില്‍ സ്‌കൂള്‍ യൂണിഫോമില്‍ കൊണ്ടിരുത്തി എന്നാണ് പരാതി. അങ്ങനെ ഒന്നു വന്നാല്‍ പൊലീസ് എന്താണു ചെയ്യേണ്ടത്? അതൊക്കെ മാധ്യമ സ്വാതന്ത്ര്യമാണെന്ന് വിധിച്ച് അനങ്ങാതിരിക്കണോ? മാധ്യമത്തിന്റെ അനിഷ്ടം ഭയന്ന് നിഷ്‌ക്രിയമാകണോ?

അതിനു രണ്ടിനും സാധ്യമല്ല എന്ന് വ്യക്തമാക്കട്ടെ. ലഭിച്ച പരാതിയില്‍ ശാസ്ത്രീയമായ അന്വേഷണം നടക്കും. കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ നിയമത്തിനുമുന്നിലെത്തിക്കും. കുറ്റം ആരുചെയ്താലും ആ നിലപാടില്‍ മാറ്റമില്ല.

ഒരു കുട്ടിക്കെതിരായ കുറ്റകൃത്യം മാത്രമല്ല സമൂഹത്തിനു നേരെയുള്ള അപരാധമാണ് ഇവിടെ നടന്നിരിക്കുന്നത്. അതിനെ അപലപിക്കാന്‍ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യരംഗങ്ങളിലെ പ്രമുഖരും സാധാരണ ജനങ്ങളും തയ്യാറായിട്ടുണ്ട്. എന്തുകൊണ്ടാണ് ആ കുറ്റകൃത്യത്തെക്കുറിച്ച്, അഥവാ ആ പരാതിയെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുന്നത്?

ബിബിസി

കോണ്‍ഗ്രസ് ഭരണകാലത്ത് ബിബിസിയുടെ ഇന്ത്യന്‍ ചീഫായ മാര്‍ക്ക് ടെല്ലിയെ അറസ്റ്റു ചെയ്ത് പാന്റൂരി ബെല്‍റ്റുകൊണ്ട് അടിക്കാനാണ് സഞ്ജയ് ഗാന്ധി ഗുജ്റാളിനോട് ആവശ്യപ്പെട്ടത്. എന്തായിരുന്നു അന്ന് ബിബിസി ചെയ്ത തെറ്റ്? ജഗ്ജീവന്‍ റാമിനെ ഇന്ദിരാ സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ ആക്കി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ബിബിസി ചെയ്ത കുറ്റം. ബിബിസിയുടെ അന്നത്തെ ഇന്ത്യയിലെ തലവനായ മാര്‍ക്ക് ടെല്ലി തന്റെ ‘രാജ് റ്റു രാജീവ്’ (From Raj to Rajiv: 40 Years of Indian Independence) എന്ന പുസ്തകത്തില്‍ ഇക്കാര്യം പിന്നീട് എഴുതിയപ്പോഴാണ് ലോകം ഇതറിഞ്ഞത്.

താളത്തിനു തുള്ളാത്തതിന് ഗുജ്‌റാളിനെ വകുപ്പ്മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാനാണ് ഇന്ദിരാഗാന്ധി തയ്യാറായത്. അക്കാലത്ത് ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് പത്രത്തിന്റെ ഗ്രൂപ്പ് ഓഫീസുകളില്‍ എത്ര വട്ടം റെയ്ഡ് നടന്നു? വാര്‍ത്താ ഏജന്‍സികള്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റ നിയന്ത്രണത്തിലാക്കി. ഇത് തന്നെയല്ലേ ഇപ്പോള്‍ ബിജെപി സര്‍ക്കാരും തുടരുന്ന പാത?

നിങ്ങള്‍ പി ടി ഐ, യു എന്‍ ഐ എന്നിവയെ ഒന്നിച്ചുചേര്‍ത്ത് ‘സമാചാര്‍’ എന്ന ഒറ്റ ഏജന്‍സിയാക്കി. നിയന്ത്രണം പൊലീസ്സ് ഓഫീസറായ കെ എന്‍ പ്രസാദിന് നല്‍കി. ഗീബല്‍സിനെ വെല്ലുന്ന നുണപ്രചാരണമാണ് പിന്നെ നടന്നത്. പത്രമോഫീസ്സുകള്‍ പൊലീസ്റ്റ് ഓഫീസര്‍മാരുടേയും സെന്‍സര്‍മാരുടേയും കേന്ദ്രങ്ങളായി മാറി. ഇപ്പോള്‍ ദൂരദര്‍ശനും ആകാശവാണിക്കും വാര്‍ത്ത നല്‍കാന്‍ സംഘപരിവാര്‍ ഏജന്‍സിയെ ഏല്‍പ്പിക്കുന്നു. എന്താണ് വ്യത്യാസം?

ബിബിസിക്കെതിരെ മോഡി സര്‍ക്കാര്‍ എടുത്ത നടപടിയും നിങ്ങള്‍ ചെയ്ത കാര്യങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇവിടെ ആ ബിബിസിയുമായിട്ടാണോ പെണ്‍കുട്ടിയെ വ്യാജ വീഡിയോയില്‍ ചിത്രീകരിച്ചതിനെ നിങ്ങള്‍ താരതമ്യം ചെയ്തത്.

ഒരു കാര്യം കൂടി സൂചിപ്പിക്കാം. മയക്കുമരുന്നിനെതിരെ പരമ്പര ചെയ്തത് കൊണ്ടാണ് കേസെടുത്തത്, പൊലീസ് തിടുക്കപ്പെട്ട് നടപടികളെടുക്കുന്നു എന്ന് പറയുന്നത് കേട്ടു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഈ സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളും അണിചേര്‍ന്നിട്ടുണ്ട്. ശക്തമായ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ സര്‍ക്കാരിനെ അതി നിശിതമായി വിമര്‍ശിക്കുന്ന മാധ്യമങ്ങളും ഉണ്ട്. അവരൊന്നും തങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ ഇങ്ങനെ ഒരു കുറ്റകൃത്യം നടത്തിയതായി പരാതി ഉയര്‍ന്നിട്ടില്ല. ഉയര്‍ന്നു വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കുറ്റം ചെയ്തു എന്ന് സംശയിക്കപ്പെടുന്നവരുടെ വലുപ്പം നോക്കി കേസ് അന്വേഷണത്തിന്റെ വേഗം കുറയ്ക്കാമെന്നാണോ ആഗ്രഹം? നിയമത്തിനു മുമ്പിലുള്ള സമത്വവും തുല്യമായ പരിരക്ഷയും നിയമ സംരക്ഷണവും ഉറപ്പു നല്‍കുന്ന ഭരണഘടന ഉള്ള രാജ്യമാണിത്. ഒരാള്‍ക്കും പ്രത്യേക ആനുകൂല്യമോ പ്രത്യേക പരിരക്ഷയോ നല്‍കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.

മാധ്യമ വിമര്‍ശനങ്ങള്‍ സാധാരണ നിലയില്‍ ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. വിമര്‍ശനങ്ങള്‍ സ്വയംവിമര്‍ശനങ്ങളിലേക്കും തിരുത്തലിലേക്കും നയിക്കും എന്ന് കരുതുന്നവരാണ് ഞങ്ങള്‍. എന്നാല്‍ വിമര്‍ശനത്തിന്റെ പേരില്‍ വ്യാജ നിര്‍മ്മിതികള്‍ ഉണ്ടായാലോ? അതിനെ തടയാന്‍ നിയമങ്ങളുണ്ട്. ആ നിയമങ്ങളെ വെല്ലുവിളിക്കരുത്. നീതി നടപ്പാക്കുന്നതിന് കൂച്ചുവിലങ്ങിടരുത്. അത്തരം ശ്രമങ്ങള്‍ ജനവിരുദ്ധമാണ് എന്നത് ഓര്‍ക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News